Ticker

6/recent/ticker-posts

അമ്മയ്ക്ക് തുല്യം അമ്മ മാത്രം

 അമ്മ എന്ന വാക്കിന് ഒത്തിരി അർഥങ്ങൾ ഉണ്ട്.



അത് പൂർണമായും മനസിലാകുന്നത് ഒരു സ്ത്രീ അമ്മയാകുമ്പോൾ ആണ്. ഭർതൃ ഗൃഹത്തിലേക്  എന്നെ യാത്രയാക്കിയപ്പോൾ എന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തൊക്കെ ആയിരിക്കും അപ്പോൾ അമ്മ ആലോചിച്ചിട്ടുണ്ടാവുക, ഞാൻ അമ്മയുടെ ഉള്ളിൽ മൊട്ടിട്ടത് മുതലുള്ള ഓരോ   ചിത്രങ്ങളും മനസ്സിൽ ഓടി എത്തിയിട്ടുണ്ടാകും. ഈ ഭൂമിയിലെ കാഴ്ചകൾ എനിക്ക് ദൃശ്യമാകുന്നത് വേണ്ടിയാണ് അമ്മ ആദ്യമായി എനിക്ക് വേണ്ടി വേദന സഹിച്ചത്. ചെറുപ്പത്തിലേ എന്റെ കുസൃതികൾ പലപ്പോഴും  എന്റെ അമ്മയെ വേദനിപ്പിക്കുന്നവ ആയിരുന്നു. എങ്കിലും എന്നോടുള്ള സ്നേഹത്തിൽ ആ വേദനകളൊക്കെ അമ്മ മറന്നു. മഴയുള്ള ഒരു ദിവസം ആദ്യമായി സ്കൂളിലേക്ക് ഞാൻ പോയത് എന്റെ അമ്മയുടെ കൈ പിടിച്ചാണ്. പിന്നെയും ഒരുപാട് ദിവസങ്ങൾ അമ്മയുടെ കൈകൾ എനിക്ക് താങ്ങായി വന്നു. ഞാൻ കരഞ്ഞപ്പോൾ കണ്ണീരൊപ്പി, ചിരിച്ചപ്പോൾ ഒപ്പം ചിരിച്ചു, വിജയങ്ങളിൽ അഭിനന്ദിച്ചു, പരാജയങ്ങളിൽ തളരാതെ ചേർത്ത് നിർത്തി. എന്റെ സ്കൂൾ വിശേഷങ്ങൾ,അധ്യാപകർ, കൂട്ടുകാർ ഒക്കെ അമ്മയ്ക്ക് സുപരിചിതമായിരുന്നു. മനസിൽ പൂവിട്ട പ്രണയം ആദ്യം പങ്കു വെച്ചതും അമ്മയോട് തന്നെ. അമ്മയ്ക്ക് സുരക്ഷിതമായി തോന്നിയ കൈകളിൽ എന്നെ ഏല്പിക്കുമ്പോളും ആ മനസ്സിൽ എന്നോടുള്ള കടലോളം സ്നേഹം ഞാൻ കാണുന്നുണ്ടായിരുന്നു. ഉയർച്ചയിലും താഴ്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരേ ഒരാൾ അമ്മ മാത്രം. അമ്മയെ സ്നേഹിക്കാനും അമ്മയെ കുറിച്ച് ഓർക്കാനും ഒരു മാതൃ ദിനത്തിന്റെ ആവശ്യം എനിക്കില്ല. എന്നെ ഞാൻ ആക്കിയ എന്റെ അമ്മയുടെ മോളായി ഇനിയും ആയിരം വർഷം ജീവിക്കണം എനിക്ക്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം

Post a Comment

0 Comments