Ticker

6/recent/ticker-posts

ഇപ്പോൾ കണ്ടില്ലേ ആദ്യ രാത്രി പോലും നിന്റെ വീട്ടിൽ, എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..


 ഗിരി – ഭാഗം 1

(രചന: Bibin S Unni)

“ഇപ്പോൾ ഇറങ്ങികോളണം ഈ നശി ച്ച വ ളെയും വിളിച്ചുകൊണ്ടു…”

” അമ്മേ…”

“അഹ്.. അമ്മ തന്നെയാ പറയുന്നത്… ഇവളെയും കെട്ടി ഈ വിട്ടിൽ കഴിയാമെന്ന് എന്റെ മോൻ ആലോചിക്കുക പോലും വേണ്ടാ…”

“അമ്മയിപ്പോൾ ഇങ്ങനെ പറഞ്ഞാലേങ്ങനെയാ… ഞാൻ ഗൾഫിൽ പോയി കഷ്ടപെട്ട് കാശുണ്ടാക്കിയല്ലേ ഈ വീട് ഇന്നിപ്പോൾ ഈ കാണുന്ന പോലെയാക്കിയത്… എന്നിട്ടിപ്പോൾ എന്നേ ഇറക്കി വിടുന്നോ….”

“ഈ മൂ തേ വിയെ കെട്ടിയപ്പോൾ തന്നെ നീ കണക്ക്‌ പറയാനും തുടങ്ങിയല്ലെ…. എന്നാ എന്റെ പൊന്നു മോൻ കേട്ടോ ഈ വീടിപ്പോൾ നിന്റെ അനിയന്റെ പേരിലാണ്, അനിതയെ കെട്ടിക്കാൻ കുറച്ചു കാശവന്റെ ഭാര്യ വീട്ടിൽ നിന്നും കൊടുത്തിരുന്നു..

അതിന് അവർ പറഞ്ഞത് അവന്റെയും ഭാര്യയുടെ പേരിൽ വീട് എഴുതി കൊടുക്കണമെന്നാ…. നീ വന്നിട്ട് അതെ കുറിച്ച് നിന്നോട് പറയാമെന്നു കരുതിയിരിക്കുവായിരുന്നു..

ഇനിയിപ്പോൾ അതിന്റെ ആവിശ്യമൊന്നുമില്ലല്ലോ… നിനക്ക് വേണേൽ വീട്ടിലേക്ക് കയറാം…. നിനക്ക് മാത്രം…” അമ്മ തീർത്തു പറഞ്ഞു….

“അപ്പോൾ ഞാൻ കഷ്ടപെട്ടുണ്ടാക്കിയ വീട്ടിൽ എനിക്കിപ്പോൾ സ്ഥാനമില്ലല്ലേ… ”

“നിനക്ക് എപ്പോൾ വേണേലും ഇങ്ങോട്ടു വരാം… പക്ഷെ വരുമ്പോൾ നീ ഒറ്റയ്ക്കായിരിക്കണമെന്ന് മാത്രം…. അല്ലെൽ നീ പുതിയൊരു വീട് പണി… അതിനുള്ളതൊക്കെ നിന്റെ കൈയിൽ കാണുമല്ലോ….. ഇല്ലേൽ മൂന്നാല് വർഷം കൂടെ ഗെൽഫിൽ പോയി ജോലി ചെയ്യണമെന്നല്ലേയുള്ളൂ… ”

അമ്മ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.. അതു കെട്ട് മറുത്തൊന്നും പറയാതെ അനിയനും അവന്റെ ഭാര്യയും അമ്മയുടെ പുറകിൽ തന്നെ നിൽപ്പുണ്ട് തന്റെ മറുപടിയറിയാൻ വേണ്ടി….

“അത് പറ്റില്ലമ്മേ.. ഞാൻ താലി കെട്ടിയ എന്റെ ഭാര്യയാണ് എന്റെയൊപ്പമുള്ളത്.. ഞാനുള്ളയിടത്തു തന്നെ എന്റെ ഭാര്യയും കാണും… ”

“എങ്കിലാ ഭാര്യയെയും വിളിച്ചു കൊണ്ടു എവിടെയ്ക്കാണെന്ന് വെച്ചാൽ നീ പൊക്കോ… ഇവിടെ ഇവൾക്ക് സ്ഥാനമില്ലാ… അതുമല്ല എന്റെ മോനേ അവന്റെ ഭാര്യ വീട്ടുകാർക്ക്‌ മുന്നിൽ വെച്ചപമാനിച്ച നിന്നെ എനിക്ക് കണ്ട് കൂടാ.. പിന്നെ മകനല്ലേയെന്നോർത്താ ഞാൻ…”

അമ്മ ദേഷ്യത്തോടെ തന്നെ പറഞ്ഞു കൊണ്ടിരുന്നു…

” നിനക്കൊന്നും പറയാനില്ലേടാ….” അമ്മ പറഞ്ഞതത്രെയും കെട്ട് കൊണ്ടു നിന്ന അനിയനോടായി ഗിരി ചോദിച്ചു…

” ഞാൻ പറഞ്ഞാൽ ചിലപ്പോൾ കൂടി പോകും അതു കൊണ്ടാ മിണ്ടാതെയിരിക്കുന്നത്… ഇനി ഞാനെങ്ങനെ ശ്രേയയുടെ വീട്ടുകാരുടെ മുഖത്തു നോക്കും….

അവിടുത്തെ അച്ഛന്റെ പെങ്ങളുടെ മകളെ ഏട്ടന് വേണ്ടി ആലോചിച്ചു വച്ചതല്ലായിരുന്നോ… അതും നല്ല തുക സ്ത്രീധനം പറഞ്ഞു വെച്ചതാ എന്നിട്ടും ഒരു ഗെതിയുമില്ലാതെ ഇവളെയും കെട്ടി വന്ന….”

ടപ്പേ…. അനി പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഗിരിയുടെ കൈ അനിയുടെ കവിളിനെ നന്നായിയൊന്നു തലോടിയിരുന്നു…

” ഇവളല്ല… ഏട്ടത്തി.. ഏട്ടന്റെ ഭാര്യ അമ്മയ്ക്കു തുല്യമാണ്.. പിന്നെ നീ എന്തോ പറഞ്ഞു വന്നല്ലോ എന്താ അതു.. അഹ് ഒരു ഗെതിയുമില്ലത്തവൾ അല്ലെ…

എടാ ഒരു പെണ്ണായിട്ടും സ്വന്തമായി അധ്വാനിച്ചു കുടുംബം നോക്കുന്ന പെണ്ണാണിവൾ..

പക്ഷെ ഒരാണയ നീയോ… സ്വന്തമായിയുണ്ടാക്കിയ എന്തെങ്കിലും ഒന്നുണ്ടോ ഈ വീട്ടിൽ നിന്റെതായി… പോട്ടേ.. നീയിപ്പോൾ നിന്റെയുള്ളിൽ ഇട്ടേക്കുന്ന അടി വസ്ത്രം പോലും ഞാൻ വാങ്ങി തന്നത് തന്നെയല്ലെ…

വീടു പണിക്ക് വേണ്ടി ഞാനയുച്ചു തരുന്ന കാശെടുത്തു കാമുകിയുമായി ചുറ്റിക്കറക്കമല്ലായിരുന്നോ മോന്റെ പണി.. എന്നിട്ടവസാനം നാട്ടുകാര് പിടി കൂടിയങ്ങു കെട്ടിച്ചു… ആ നിനക്ക് എന്ത് യോഗിതയുണ്ട് ഇവളെ കുറിച്ച് പറയാൻ… ”

ഗിരി പറഞ്ഞു നിർത്തിയതും അനിയുടെയും ശ്രേയയുടെ മുഖം വിളറി വെളുത്തിരുന്നു…

” എടാ എന്റെ മോനേ അങ്ങനെ ചെയ്തേങ്കിലും നല്ല കാശുള്ള വീട്ടിൽ നിന്ന് തന്നെയാണ് പെണ്ണ് കെട്ടിയത്.. അല്ലാതെ കഞ്ഞിപോലും കുടിക്കാൻ വകയില്ലാത്ത ഒരിടത്തുനിന്നല്ലാ… ”

” ദേ അമ്മേ.. ”

“ഏട്ടാ വേണ്ടാ.. എന്നേ ചൊല്ലി ഇവിടെ ഒരു പ്രശ്നം ഇനി വേണ്ടാ… ഇത്രയുമൊന്നുമില്ലേലും നല്ലൊരു വീട് എനിക്കുണ്ട്.. നമുക്കങ്ങൊട്ട് പോകാം…”

അഞ്ജലി അതു പറഞ്ഞതും ഗിരി, എല്ലാവരെയുമൊന്ന് നോക്കിയ ശേഷം അഞ്ജലിയുടെ കൂടെ അവളുടെ വീട്ടിലേക്ക് പോയി….

അവിടെയെക്കുള്ള യാത്രയിൽ അവന്റെ മനസിലൂടെ പഴയ കാര്യങ്ങളെല്ലാമൊന്നു തെളിഞ്ഞു വന്നു…

ഒരു മതിലിനപ്പുറവുമിപ്പിറവുമുള്ള രണ്ടു വീടുകൾ അവിടെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങൾ… ഒന്നു താനും അനിയനും അനിയത്തിയും അച്ഛനുമമ്മയും… പിന്നെ അഞ്ജലിയും അവളുടെ ചേച്ചിയും അച്ഛനുമമ്മയും…

രണ്ടു അച്ഛന്മാരും ടൗണിലെ ലോഡിങ് തോഴിലാളികളായിരുന്നു… ചെറുപ്പം മുതലേ മുതൽ ഒരാമിച്ചു കളിച്ചു വളർന്നവരായിരുന്നു ഞാനും അനിയത്തിയും അഞ്ജലിയും അവളുടെ ചേച്ചിയുമെല്ലാം…

അനിയത്തിയും അഞ്ജലിയും ഒരേ ക്ലാസിലായിരുന്നു… ഓർമ്മ വച്ച നാൾ തൊട്ടു കേൾക്കുന്നതാണ് ഗിരി അഞ്ജലിയ്ക്കുള്ളതാണെന്ന്.. അതു കൊണ്ടു തന്നെ വളർന്നപ്പോൾ ഞങ്ങൾ തമ്മിലുള്ള ഇഷ്ടവും വളർന്നു….

ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഒരപകടത്തിൽ തന്റെ അച്ഛൻ മരിക്കുന്നത്… അതു വരെ തോണി തുഴഞ്ഞുകൊണ്ടിരിന്നയാൾ പെട്ടെന്ന് ഇല്ലാതാകുബോഴുള്ള അവസ്ഥയായിരുന്നു അന്ന് തനിക്കും…

കുടുംബം പതിയെ പട്ടിണിയിലേക്ക് മാറി.. അതോടൊപ്പം അച്ഛൻ വാങ്ങിക്കൂട്ടിയ കടങ്ങളും ബാങ്കിൽ നിന്നുമുള്ള ജപ്തി നോട്ടിസ് കൂടെയായപ്പോൾ പഠനം പാതി വഴിയിൽ നിന്നു… കൂടെ പഠിച്ച ഒരു ഫ്രണ്ടിന്റെ ഏട്ടൻ വഴി ഗെൽഫിലേക്കോരു വിസ സങ്കടിപ്പിച്ചെങ്കിലും ടിക്കറ്റിനും മറ്റുമുള്ള പൈസ കിട്ടാൻ അന്നും കുറെ ബുദ്ധിമുട്ടി…

അപ്പോൾ ഒന്നും ചിന്തിക്കാതെ കാതിൽ കിടന്ന കമ്മലൂരി തന്നവളാണ് തന്റെ അഞ്ജലി… ഒരു പൈങ്കിളി പ്രേമം ഇന്ന് വരെ അവളിൽ നിന്നുമുണ്ടായിട്ടില്ലേലും എന്റെ മനസറിയുന്നവൾ.. എന്റെ പെണ്ണ്…

അന്ന് അവൾ തന്ന ആ കമ്മൽ വിറ്റ് ഗെൽഫിലേക്ക് ഫ്ലൈറ്റ് കേറുമ്പോൾ ഒരു ചിന്ത മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ… എത്രയും വേഗം കടങ്ങളൊക്കെ തീർക്കണം തന്റെ അഞ്ജലിയെ സ്വന്തം മാക്കണമെന്നും…

പക്ഷെ ഗെൽഫി ചെന്നപ്പോഴാണ് മനസിലായത്. അവിടെ സ്വർണ്ണം കായിക്കുന്ന മരങ്ങളൊന്നും തന്നെയില്ലന്ന്… പകരം നല്ല ചൂട് കാറ്റ് വീശുന്ന മരുഭൂമികളാന്ന്… അഞ്ചു വർഷം… താൻ അവിടെ കിടന്നു ചോരനീറ്റിയുണ്ടാക്കിയ കാശ് നാട്ടിലേക്കയച്ചു കൊടുത്തു…

പഴയ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന് പകരം അവിടെ ഒരു മാളിക തന്നെ പണിതു… അമ്മയ്ക്കും സഹോദരങ്ങൾക്കും പട്ടിണിയിൽ നിന്നും ഓരോ സമയത്തും മുന്നും നാലും വിഭവമില്ലാതെ ഇറങ്ങുകേലാന്നുള്ള അവസ്ഥ…

അഞ്ജലിയുടെ വീട്ടിലും വന്നു ഒരുപാട് മാറ്റങ്ങൾ… അവളുടെ ചേച്ചിയെ കെട്ടിച്ചു വിട്ടു.. അതിന്റെ കടം തീർക്കാനായി ഉള്ള വീടും സ്ഥലവും വിറ്റവർ ഒരു വാടക വീട്ടിലേക്ക് മാറി… പിന്നെ അതികം താമസിക്കാതെ അഞ്ജലിയുടെ അച്ഛനും മരണമടഞ്ഞു…

ആ സമയത്തൊന്നും നാട്ടിലേക്ക് വരാനും പറ്റിയില്ലാ… പിന്നെയവൾ എന്റെ അഞ്ജലി ഒരു ജോലിയും ചെയ്തു ചേച്ചിയെ കെട്ടിച്ച കടങ്ങളും തീർത്തു സ്വന്തമായൊരു കൊച്ചു വീടുമുണ്ടാക്കി…. അതിനൊക്കെ ചെറിയ സഹായങ്ങൾ. ഞാൻ ചെയ്‌തെങ്കിലും ഒന്നുമവൾ സ്വീകരിച്ചില്ല…

അഞ്ചു വർഷങ്ങൾക്ക് ശേഷം ഗെൽഫിനോട് വിട പറഞ്ഞു നാട്ടിലേക്കെത്തിയപ്പോഴാണ് സ്വന്തം അനിയന്റെ കല്യാണം തനിക്കു മുന്നെ നടന്നുന്നു പോലും താനറിയുന്നത്…

അതോടൊപ്പം അനിയന്റെ ഭാര്യയുടെ വീട്ടിൽ നിന്നു തന്നെ എനിക്കും അവർ കല്യാണം ആലോചിച്ചന്നറിഞ്ഞപ്പോൾ വല്ല്യ അത്ഭുതമൊന്നും തോന്നിയില്ല… കാരണം അപ്പോഴേക്കും ഞാനൊരു വണ്ടിക്കാളയ്ക്കു സമമായെന്ന് മനസിലാക്കിയിരുന്നു…

അതു കൊണ്ടാണ് അവരോടൊന്ന് ചോദിക്കുക പോലും ചെയ്യാതെ അഞ്ജലിയുടെ കഴുത്തിൽ താലിയും കെട്ടി വീട്ടിലേക്ക് ചെന്നത്.. അപ്പോഴേക്കും ഗെൽഫിൽ നിന്നും എല്ലാം മതിയാക്കിയാണ് ഞാനെത്തിയതെന്ന് അവർക്കും മനസിലായി.. ജോലിയും കൂലിയുമില്ലാത്ത എന്നേ ഇനി അവിടെ ആവിശ്യമില്ലല്ലോ…

ചിന്തകൾക്കൊടുവിൽ അവർ കയറിയ കാർ അഞ്ജലിയുടെ വീടിന് മുന്നിൽ നിർത്തി… അഞ്ജലിയുടെ അമ്മയിൽ നിന്നു തന്നെയവൾ നിലവിളക്ക് വാങ്ങി അകത്തേക്ക് കയറി… ചെറിയൊരു സദ്യ പെട്ടെന്ന് തന്നെ അഞ്ജലിയുടെ അമ്മയും ചേച്ചിയും ചേർന്നൊരുക്കി…

കല്യാണ വേഷത്തിൽ അടുക്കളയിലേക്ക് ചെന്ന അഞ്ജലിയെ അവർ ഓടിക്കുന്നത് കണ്ടു അറിയാതെ ചിരി വന്നെങ്കിലും അഞ്ജലിയുടെ ഒറ്റ നോട്ടത്തിൽ തന്നെ ഗിരിയുടെ ചുണ്ടിലേ ചിരി മാറ്റി അവൻ അഞ്ജലിയുടെ ചേച്ചിയുടെ ഭർത്താവുമായി ഭാവി കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു…

കല്യാണ സദ്യ വിളമ്പിയപ്പോൾ തന്നെ ഗിരിയുടെ പെങ്ങളും ഭർത്താവും കൂടെ അഞ്ജലിയുടെ വീട്ടിലേക്ക് വന്നു.. പിന്നെ എല്ലാവരും കൂടിയിരുന്നു സദ്യ കഴിച്ചു… ഒരു പാട് കാലത്തിനു ശേഷം കണ്ട അനിതയും അഞ്ജലിയും വിശേഷം പറഞ്ഞിരുന്നു… പുരുഷന്മാർ മുറ്റത്തും കൂടിനിന്നു…

” ഇനി എന്താ അളിയന്റെ പരുപാടി.. തിരിച്ചു പോകുന്നുണ്ടോ അതൊ.. ഇവിടെ തന്നെ എന്തെങ്കിലും… ” അനിതയുടെ ഭർത്താവ് ഗിരിയോട് ചോദിച്ചു…

” ഒന്നും തീരുമാനിച്ചില്ല… ” ഗിരി പറഞ്ഞു… അപ്പോഴേക്കും അനിതയും അഞ്ജലിയും കൂടെ അവിടെയ്ക്കു വന്നിരുന്നു…

” വല്ല്യേട്ടനും നാത്തൂനും ഇടയ്ക്കു വീട്ടിലെക്കിറങ്ങ്.. ”

” ടി അതു വേണോ…. അമ്മ അറിഞ്ഞാൽ പ്രശ്നമാകും.. ” അനിത പറഞ്ഞു നിർത്തിയതും ഗിരി അവളോട്‌ പറഞ്ഞു…

” അമ്മയോട് പോകാൻ പറ… കുഞ്ഞേട്ടനും നാത്തൂനും പറയുന്നത് കെട്ട് ഓരോന്ന് ചെയ്തു വച്ചു… അവസാനം രണ്ടും കൂടെ അവിടെന്ന് ഇറക്കി വിടുമ്പോൾ പഠിച്ചോളും…” അനിത ദേഷ്യത്തോടെ തന്നെ പറഞ്ഞു…

” ടി അതു നമ്മുടെ അമ്മയാണ്.. എന്തൊക്കെ കാണിച്ചാലും അമ്മ അമ്മയല്ലാതാകുന്നില്ല…

” അഹ്. അതൊക്കെ അമ്മയും ഓർത്താൽ നല്ലത്… എന്നാ പിന്നെ ഞങ്ങളിറങ്ങുവാ വല്ല്യേട്ടാ.. ” അനിത ഇതും പറഞ്ഞു ഭർത്താവുമായി പുറത്തേക്കു നടന്നു…

” എന്നാ പിന്നെ ഇനി ഞങ്ങളും നിൽക്കുന്നില്ല.. അഹ് പിന്നെ.. എന്താവിശ്യമുണ്ടേലും എന്നേ വിളിക്കാം… വിളിക്കണം.. ”

ഇത്രയും പറഞ്ഞു ഒരു ചിരിയോടെ അഞ്ജലിയുടെ ചേച്ചിയും ഭർത്താവുമിറങ്ങി… അവർ പോയതും അഞ്ജലി വീടിനുള്ളിലേക്ക്‌ പോയി അവളുടെ വസ്ത്രമെല്ലാം മാറി.. കുളിച്ചു വന്നു… വിളക്ക് വെച്ചു… ഗിരിയ്ക്കു മാറിയുടുക്കാനായി ഒരു ഡ്രെസ്സും എടുത്തു കൊടുത്തവൾ അടുക്കളയിലേക്ക് നടന്നു…

രാത്രി. ഭക്ഷണമെല്ലാം കഴിഞ്ഞു അമ്മ കൊടുത്ത ഒരു ഗ്ലാസ് പാലുമായവൾ മുറിയിലേക്ക് ചെന്നു… അവിടെയപ്പോൾ കട്ടിലിൽ എന്തോ ആലോചനയോടെയിരിക്കുവായിരുന്നു ഗിരി…

” വല്ല്യ ആലോചനയിലാണല്ലോ.. ” അഞ്ജലി ഗിരിയുടെ അടുത്തേക്ക് ചെന്നിരുന്നു കൊണ്ടു ചോദിച്ചതും അവൻ അവളെയൊന്നു നോക്കി….

” എന്താ മാഷേ.. എന്നെ കെട്ടണ്ടായിരുന്നുന്ന് തോന്നുണ്ടോ… ” ഗിരിയുടെ മുഖത്തെ ഭാവം കണ്ടു അഞ്ജലിയൊരു ചിരിയോടെ ചോദിച്ചതും…

” ഉഹ്മ്… ”

അവൻ പറഞ്ഞതും പെട്ടെന്ന് അവളുടെ ചുണ്ടിലേ ചിരി മാഞ്ഞു…

” എന്നേ കെട്ടിയത് കൊണ്ടു.. ഇത്രയും നാളും അന്യനാട്ടിൽ കിടന്നു കഷ്ടപെട്ടുണ്ടാക്കിയതെല്ലാം പോയില്ലേ.. വേണ്ടായിരുന്നു… എല്ലാം എന്റെ കൂടെ തെറ്റാണ്… കൂടെ പോരുന്നോന്ന് ചോദിച്ചപ്പോൾ ഞാനെന്റെ അവസ്ഥ കൂടെ ആലോചിക്കണമായിരുന്നു…. എനിക്ക് വിഷമമൊന്നുമില്ലാ… താലി കെട്ടിയന്നല്ലേയുള്ളൂ… അതികം ആൾക്കാരുമൊന്നുമറിഞ്ഞിട്ടില്ല… ”

” അതെ നിർത്തിക്കെ.. നീ ഇതെങ്ങൊട്ടാ ഈ പറഞ്ഞു പോകുന്നെ.. ” അഞ്ജലി വിഷമത്തോടെ പറഞ്ഞു കൊണ്ടരുന്നതും ഗിരി അവളുടെ നേരെയിരുന്നു അവളുടെ മുഖത്തോട്ട് നോക്കികൊണ്ടു ചോദിച്ചു…

” അല്ല.. ഗിരിയേട്ടനല്ലേ പറഞ്ഞെ.. എന്നേ കെട്ടണ്ടായിരുന്നുന്ന് തോന്നിയെന്ന്… ”

” എന്റെ പൊന്നോ.. ഞാനത് നീ ഉദ്ദേശിച്ച അർത്ഥത്തിൽ പറഞ്ഞതല്ല… ഇപ്പോഴുത്തെ എന്റെ അവസ്ഥ നിനക്ക് നല്ലത് പോലെ അറിയാമല്ലോ… നല്ലൊരു ജോലിയെന്ന് പോയിട്ടിപ്പോൾ ഒരു ജോലിയുമില്ല… കൈയിലാണേൽ അഞ്ചിന്റെ പൈസയുമില്ല…

ഇങ്ങനെ ഒരു ഗെതിയും പരഗതിയുമില്ലാതെ നിന്നപ്പോഴാണല്ലോ.. നിന്നെ കെട്ടേണ്ടി വന്നത്… നിനക്ക് നല്ലൊരു വസ്ത്രം പോയിട്ട് ഒരു ഗ്ലാസ് വെള്ളം പോലും മേടിച്ചു തരാൻ പോലും എന്റെ കൈയിലൊന്നുമില്ലാ… ഇപ്പോൾ കണ്ടില്ലേ ആദ്യ രാത്രി പോലും നിന്റെ വീട്ടിൽ…. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു…. ”

” അയ്യേ… ഇതായിരുന്നൊ.. ഇത്രയും വല്ല്യ വിഷമം..” ഗിരി പറഞ്ഞത് കെട്ട്, നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടുവൾ പറഞ്ഞു….

” എന്റെ മാഷേ.. ഈ വീട് എന്റെതെന്ന് എന്തിനാ കാണുന്നത്.. ഇന്ന് മുതൽ ഇതു നമ്മുടെ വീടല്ലേ… പിന്നെ ജോലി… ഈ നാട്ടിൽ ഇഷ്ടം പോലെ ജോലിയുണ്ട്.. അതു ചെയ്യാനുള്ള മനസ് മാത്രമുണ്ടായാൽ മതി…

പിന്നെ പറഞ്ഞ കാശ്… എനിക്കൊരു ഗ്ലാസ് വെള്ളമല്ല.. ഞാൻ പറയുന്ന എന്തും മേടിച്ചു തരാനുള്ള കാശ് ഏട്ടന്റെ അടുത്ത് തന്നെയുണ്ട്…. ” അഞ്ജലി ഇതും പറഞ്ഞു കട്ടിലിൽ നിന്നുമെണീറ്റ് അലമാരയുടെ അടുത്തേക്ക് ചെന്നു അതിൽ നിന്നും ഒരു പാസ്സ് ബുക്കെടുത്തു ഗിരിയുടെ കൈയിൽ കൊടുത്തു….

” ഏട്ടൻ എന്റെ പേരിലയച്ച കാശ്, അതു പോലെ തന്നെ അതിൽ കിടപ്പുണ്ട്… ഒരു രൂപ പോലും ഞാനെടുത്തിട്ടില്ല… ” അഞ്ജലി പറഞ്ഞത് കെട്ട് ഗിരി അവളെ അത്ഭുതത്തോടെ നോക്കി…

” ഇതിങ്ങനെയൊക്കേ…നടക്കുന്ന് എനിക്ക് നേരെത്തെ അറിയാമായിരുന്നു.. ഞാൻ കാണുന്നതല്ലായിരുന്നോ ഏട്ടന്റെ അനിയനെയും അമ്മയെയും…അന്ന് ഞാൻ ഗിരി ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ വിശ്വസിച്ചില്ല… എന്നിട്ടിപ്പോളെന്തായി…” അഞ്ജലി ചോദിച്ചത് കെട്ട് ഗിരിയുടെ മുഖം താന്നു…

” ഗിരിയേട്ടനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… നമ്മൾ കുടുംബത്തിന് വേണ്ടി ജീവിക്കുന്നതിനോടൊപ്പം നമുക്ക് വേണ്ടിയും ജീവിക്കണം.. അല്ലേൽ അവസാനം ആരുമൊന്നും കൂടെ കാണില്ല…. ”

” അപ്പോൾ നീയും കാണില്ല… ” അഞ്ജലി പറഞ്ഞത് കെട്ട് ഗിരി അവളോട്‌ ചോദിച്ചതും അവൾ അവന് നേരെ ചുണ്ട് കൂർപ്പിച്ചു നോക്കി…

” അഹ്… ഞാനും കാണില്ല.. അതു കൊണ്ടാണല്ലോ അന്നയച്ചപണമെല്ലാം ഞാൻ സൂക്ഷിച്ചു വച്ചത്… ” അഞ്ജലി ഇതും പറഞ്ഞു കട്ടിലിൽ കയറി തിരിഞ്ഞു കിടന്നു… അതു കണ്ടതും ഗിരിയ്ക്കു ചിരി വന്നു… അവൻ ലൈറ്റണച്ചു അവളുടെ അടുത്തേക്ക് ചേർന്നു കിടന്നു…

” എന്നേ തൊടരുത്… ” അവളെ കെട്ടിപിടിക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു…

” എന്താ മോളേ… ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റല്ലേ… അപ്പോൾ കെട്ടിപിടിക്കാതെ എങ്ങനെയാ… ”

” സ്വന്തമായിട്ടു വീടും ഒരു ജോലിയുമൊക്കെ കണ്ടു പിടിച്ചിട്ട് ഫസ്റ്റ് നൈറ്റ് ആഘോഷിച്ചാൽ മതി…”

” മോളേ അതു ഞാൻ ചുമ്മാ ഒരു പഞ്ചിന് വേണ്ടി… ”

” ഒരു പഞ്ചുമില്ലാ.. എല്ലാം ഒറ്റയ്ക്കുണ്ടാക്കിയിട്ട് മതി..

പിന്നെ…. എന്നേയെങ്ങാനും തൊട്ടാൽ ഞാനിവിടെ കിടന്നു ഒച്ച വെക്കും ” അഞ്ജലി ഇതും പറഞ്ഞു കിടന്നു….

തനിക്കിതെന്തിന്റെ കേടായിരുന്നുന്ന് വിചാരിച്ചു പഞ്ചു ഡയലോഗ് പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടു ഗിരിയും നേരെ കിടന്നു…

……………ഗിരി – ഭാഗം 2………….

“അപ്പോൾ എല്ലാം പറഞ്ഞപോലെ… ” ഇതും പറഞ്ഞു ഗിരി ബാങ്ക് മാനേജർക്ക് കൈ കൊടുത്തു…

” ഓക്കേ… അഹ് പിന്നെ നിന്റെ കല്യാണത്തിന് വരാൻ പറ്റിയില്ല.. ഒരു ദിവസം മിസ്സിസ്സുമായി വീട്ടിലെക്കിറങ്ങു…” ബാങ്ക് മാനേജർ ഗിരിയോട് പറഞ്ഞതും…

” അതു എന്തായാലും ഇറങ്ങിയിരിക്കും… ഞാൻ നിന്റെ ഭാര്യയെയും കണ്ടിട്ടില്ലല്ലോ.. നിന്റെ പഴയ ചില ചുറ്റികളികൾ അവളോട്‌ പറയാനുണ്ട്… ” ഗിരിയൊരു ചിരിയോടെ പറഞ്ഞു…

” പൊന്നളിയാ ചതിക്കരുത്.. ഞാൻ ജീവിച്ചു പൊക്കോട്ടേ… ”

” മ്മ്.. എങ്കിൽ ശെരിഎന്നാൽ… ”

” അല്ല ഇനി എന്താ നിന്റെ പരിപാടി… തിരിച്ചു പോകുന്നില്ലാന്നു ഉറപ്പിച്ചോ… ”

” ഇനിയൊരു തിരിച്ചു പോക്കില്ല… എന്തെങ്കിലും ഒരു ബിസിനസ്‌ നോക്കണം… ടൗണിലെ ഒരു കടമുറി നോക്കി വച്ചിട്ടുണ്ട്.. നീ കൂടി സഹായിക്കു വാണേൽ നല്ലൊരു പരിപാടി ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്… ”

ഗിരി ബാങ്ക് മാനേജരോട് പറഞ്ഞു..

” എന്റെ എന്ത് സഹായം.. ലോണോ… ”

” മ്മ്… ”

” ഉറപ്പ് പറയുന്നില്ല.. എങ്കിലും ഞാൻ ശ്രെമിക്കാം… ”

” നീ ശ്രെമിക്കാമെന്ന് പറഞ്ഞാൽ തന്നെ അതു ഒക്കെയല്ലെടാ… ” ബാങ്ക് മാനേജർ പറഞ്ഞത് കേട്ട് ഗിരിയൊരു ചിരിയോടെ പറഞ്ഞതും…

” കൂടുതൽ സുഖിപ്പിക്കാതെ.. മോൻ ചെല്ലാൻ നോക്ക്… കല്യാണം കഴിഞ്ഞു അതിക ദിവസമൊന്നുമായില്ലല്ലോ, മോൻ വേഗം ചെന്നു കുടുംബത്ത് കേറൂ… ”

ബാങ്ക് മാനേജർ പറഞ്ഞതും ഗിരി അവനെ നോക്കിയൊന്നു ചിരിച്ചു കൊണ്ടു പുറത്തേക്കിറങ്ങി… ടൗണിൽ വച്ചു ഗിരി അമ്മയെയും അനിയനെയും കണ്ടെങ്കിൽ അവർ അവനെ കണ്ട ഭാവം നടക്കിതെ അവിടെ നിന്നും പോയി.. അതു കണ്ടു ഗിരിയ്ക്കു അൽപ്പം വിഷമമായെങ്കിലും അവൻ അടുത്ത് കണ്ടൊരു ഓട്ടോ വിളിച്ചു…

ആ ഓട്ടോ ചെന്നു നിന്നത് ടൗണിൽ നിന്നും അൽപ്പം മാറി ഗിരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ പുതിയതായി പണി നടക്കുന്ന ഒരു രണ്ടു നില വീടിന്റെ സൈറ്റിലേക്കായിരുന്നു… ഓട്ടോയ്ക്ക് കാശും കൊടുത്തു അവൻ ആ വീട്ടിലേക്ക് ചെന്നു…

” അഹ് ആരിത് ഗിരിയൊ.. താൻ നാട്ടിൽ വന്ന കാര്യം ഞാനറിഞ്ഞിരുന്നു…. ”

ഗിരിയെ കണ്ടതും പരിചയ ഭാവത്തിൽ ഒരാൾ അവന് മുന്നിലേക്ക് വന്നു കൊണ്ടു പറഞ്ഞു..

” അതു മാത്രമെ അറിഞ്ഞുള്ളോ.. വേറൊന്നും അറിഞ്ഞില്ല… ”

ഗിരി ചോദിച്ചതും…

” അഞ്ജലിയെ കെട്ടിയത് കൊണ്ടു സ്വന്തം വീട്ടിൽ നിന്നുമിറക്കി വിട്ടതല്ലേ,

നീ ചെയ്തത് ഒരു കണക്കിന് നല്ല കാര്യം തന്നെയാണ്, അഞ്ജലിയെ പോലെ ഒരു പെണ്ണിനെ ആരും മോഹിക്കും… പക്ഷെ, അതിന് അവർ നിന്നെ ഇറക്കി വിട്ടത് ശെരിയായില്ല.. ഒന്നുല്ലേലും നീ കഷ്ടപെട്ടുണ്ടാക്കിയ വീടല്ലേ…. ”

ആയാൾ അവനോടു പറഞ്ഞതും…

” അഹ്.. അതൊക്കെ വിട്… ഞാൻ മറ്റൊരു കാര്യം പറയാനാ വന്നത്… ” ഇതും പറഞ്ഞു ഗിരി തന്റെ ആവിശ്യം അയാളെ അറിയിച്ചു…

” ഈ വീടിന്റെ പണി ഒരു മാസം കൂടെ കാണു.. അതു കഴിഞ്ഞു ഒരാഴ്ചത്തെയ്ക്കു ഞാനും എന്റെ പണിക്കാരും ഫ്രീയാണ്… അപ്പോഴത്തെയ്ക്ക് പോരെ… ” ഗിരി പറഞ്ഞത് കേട്ട് അയാൾ പറഞ്ഞു…

” അതു മതി… വല്ല്യ പണിയൊന്നും കാണില്ല ഒരു മൂന്നു പേര് വന്നാൽ രണ്ടു ദിവസം കൊണ്ടു ആ പണി തീരും.. ഞാൻ പിന്നെ നമ്മുടെ അശോകനോട്‌ ഒരു ലോണിന്റെ കാര്യം പറഞ്ഞിട്ടുണ്ട്.. അതും അപ്പോഴുത്തെയ്ക്കെ ആകു… ” ഗിരി അയാളോട് പറഞ്ഞു…

” അഹ്.. എങ്കിൽ ഡബിളോക്കേ.. നീ എന്നാ ചെല്ല് ഞാൻ അങ്ങോട്ടു ചെല്ലട്ടേ ഇല്ലേൽ അവിടെ പണിയൊന്നും നടക്കില്ല… ”

” എങ്കിൽ ശെരി നമുക്ക് വൈകിട്ട് കൂടാം… ”

” അതിന് നിന്റെ ഭാര്യ സമ്മതിക്കുവോ… ”

” അഹ്.. അതൊന്നും കുഴപ്പമില്ല… ശെരി ഞാൻ വിളിക്കാം… ” ഇതും പറഞ്ഞു ഗിരി അവിടെ നിന്നും അഞ്ജലിയുടെ വീട്ടിലേക്ക് പോയി…

” അഹ്.. ഏട്ടൻ വന്നോ ഊണെടുക്കട്ടെ…” ഗിരി വീട്ടിലേക്ക് വന്നതും അവനെ കണ്ട അഞ്ജലി അവനോടു ചോദിച്ചു…

” അഹ് എടുത്തോ… ഞാനൊന്ന് ഫ്രഷായി വരാം…”

ഇതും പറഞ്ഞു ഗിരി മുറിയിലേക്ക് പോയി.. ശേഷം ഡ്രെസ്സും മാറി ഒരു തോർത്തും എടുത്തു കൊണ്ടു ബാത്‌റൂമിലേക്ക്‌ നടന്നു.. അൽപ്പം സമയം കഴിഞ്ഞതും കുളി കഴിഞ്ഞു ഗിരി തിരിച്ചു വീട്ടിലെത്തി ഊണ് കഴിക്കാനിരുന്നതും അഞ്ജലി ഭക്ഷണം വിളമ്പി…

” ഇതെന്താടാ നീ തലയൊന്നും ശെരിക്കും തോർത്താത്തെ.. ” ഇതും പറഞ്ഞു അഞ്ജലിയുടെ അമ്മ, ഒരു തോർത്തുമായി വന്നു അവൻറെ തല തോർത്തി കൊടുത്തു…

” ഹും.. ഇപ്പോൾ ഗിരി ഏട്ടന്റെ സ്ഥാനെത്ത് ഞാനെങ്ങാനുമായിരുന്നേൽ എന്റെ ചെവി പോന്നാക്കിയേനെ ഈ അമ്മ… എന്നിട്ട് മരുമോന്റെ തല തോർത്തി കൊടുക്കുന്നു… കുറച്ചു പൊടി കൂടി വാരി ഇട്.. ” ഗിരിയുടെ തല തോർത്തുന്ന അമ്മയെ കണ്ടു അഞ്ജലി ചുണ്ട് കോട്ടികൊണ്ടു പറഞ്ഞു…

” നീ പോടീ.. ഇവനും എന്റെ മോൻ തന്നെയാ.. ”

” അഹ്.. അങ്ങനെ പറഞ്ഞു കൊടുക്കമ്മേ.. ” ഗിരി ഇതും പറഞ്ഞു അമ്മയെ ചേർത്തു പിടിച്ചു കൊണ്ടു അഞ്ജലീയെ നോക്കി കോക്രിക്കാട്ടി.. അതു കണ്ടവൾ അവനെ പുച്ഛത്തോടെ നോക്കി…

” മോൻ ഭക്ഷണം കഴിഞ്ഞു.. എന്നെ വന്നോന്നു കാണണെ… ” ഇതും പറഞ്ഞു അഞ്ജലിയുടെ അമ്മ അവരുടെ മുറിയിലേക്ക് പോയി.. അഞ്ജലി ഗിരിയ്ക്കു. ഭക്ഷണവും വിളമ്പി…

” നിങ്ങൾ കഴിക്കുന്നില്ലേ… ” അഞ്ജലി തനിക്കു മാത്രം ഭക്ഷണം വിളമ്പുന്നത് കണ്ടു ഗിരി ചോദിച്ചു….

” ഏട്ടൻ ആ ക്ലോക്കിലേക്കൊന്നു നോക്കിയെ. മണി മൂന്നു കഴിഞ്ഞു… ഞങ്ങൾ ഉച്ച ഭക്ഷണം രണ്ടു മണിക്ക് മുന്നേ കഴിച്ചിരിക്കും.. ആദ്യം സമയമൊന്നും നോക്കുകേലായിരുന്നു.. പിന്നെ പണിക്ക് പോകാൻ തുടങ്ങിയ ശേഷം കൃത്യ സമയത്തു തന്നെ ഭക്ഷണം കഴിക്കണം.. പിന്നെ അതൊരു ശീലമായി… ”

അവൾ പറഞ്ഞു നിർത്തിയതും ഗിരി കഴിക്കുന്നത് നിർത്തി അവളെ തന്നെ നോക്കിയിരുന്നു…

” ഏട്ടൻ കഴിക്ക്.. ഞാൻ പെട്ടെന്ന് എന്തോ… പിന്നെ ഈ മാമ്പഴപുളിശ്ശേരി ഞാനുണ്ടാക്കിയതാ ഏട്ടൻറെ ഫെവറേറ്റ് കറിയല്ലെ എങ്ങനെയുണ്ടെന്ന് പറ… ”

അവൾ പെട്ടെന്ന് വിഷയം മാറ്റി കൊണ്ടു പറഞ്ഞു.. ശേഷം അവർ ഓരോന്ന് സംസാരിച്ചു കൊണ്ടു ഭക്ഷണം കഴിച്ചു… ഭക്ഷണമെല്ലാം കഴിഞ്ഞു ഗിരി അഞ്ജലിയുടെ അമ്മയുടെ മുറിയിലേക്ക് ചെന്നു…

” അമ്മ എന്താ കാണണമെന്ന് പറഞ്ഞേ… ” ഗിരി അമ്മയോട് ചോദിച്ചതും അവർ ഒരു കവറേടുത്ത് അവന്റെ കൈയിലെക്ക്‌ കൊടുത്തു…

” എന്താ അമ്മേ ഇത്.. ”

” നീ തുറന്നു നോക്ക്…. ”

” അമ്മേ ഇത്… ” ആ കവറിനുള്ളിലിരിക്കുന്ന വീടിന്റെ അധരം കണ്ടു അവൻ ചോദിച്ചു…

” ഈ വീടിന്റെ ആധാരമാണ്… മോളുടെ പേരിലുള്ളതാ നീ ഇത് വച്ചു എന്തെങ്കിലും ഒരു ബിസിനസ്‌ തുടങ്ങാൻ പറ്റുവോന്നു നോക്ക്… തികഞ്ഞില്ലങ്കിൽ നമ്മുക്ക് വേറെ വഴി നോക്കാം.. ”

ആ അമ്മ അവനോടു പറഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു… സ്വന്തം അമ്മ വീട്ടിൽ നിന്നുമാട്ടിയിറക്കിയ തനിക്കു ഭാര്യയിലൂടെ മറ്റൊരു അമ്മയുടെ സ്നേഹം കിട്ടിയിരിക്കുന്നു… പിന്നെ അമ്മയെ ഒന്നു ചേർത്തു പിടിച്ചു ആ ആധാരവുമായി പുറത്തേക്കിറങ്ങി വന്നു..

അപ്പോൾ അവിടെ നിറഞ്ഞ കണ്ണുകളുമായി അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു.. അതു കണ്ടു അവളെയും കൂട്ടി അവൻ മുറിയിലേക്ക് കയറി…

” ഞാൻ ഭാഗ്യവാനാല്ലേ… ഒരമ്മയുടെ സ്നേഹം നഷ്ടപെട്ടപ്പോൾ ജീവനെ പോലെ സ്നേഹിക്കുന്ന ഒരു അമ്മയെയും ഭാര്യയെയും കിട്ടി…” ഗിരി അഞ്ജലിയോട് പറഞ്ഞതും അവൾ വന്നു അവന്റെ നെഞ്ചോരം ചേർന്നു നിന്നു…

” ധാ ഇത് നീ എടുത്തു അലമാരയിൽ വെച്ചേക്ക്‌.. ” ആധാരം അവൾക്കു നീട്ടിക്കൊണ്ട് ഗിരി പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി…

” ബിസിനസിന് വേണ്ടിയുള്ള എല്ലാ കാര്യവും ഞാൻ ചെയ്തിട്ടുണ്ട് പിന്നെ കുറച്ചു ലോണും…

പിന്നെ ഇത് അമ്മ എനിക്ക് നേരെ വെച്ചു നീട്ടിയപ്പോൾ വാങ്ങാതിരിക്കാൻ തോന്നിയില്ല… അതു കൊണ്ടു മേടിച്ചന്നെയുള്ളൂ.. തത്കാലം ഇത് നിന്റെ കൈയിലിരിക്കട്ടെ അമ്മ അറിയണ്ട… ”

ഗിരി ഇതും പറഞ്ഞതും അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു.. അതു കണ്ടു ഒരു ചിരിയോടെ അവനും അവളെ ചേർത്ത് പിടിച്ചു… ദിവസങ്ങൾ പിന്നെയും കടന്നു പോയി… അങ്ങനെ ഒരു ദിവസം ഗിരി രാത്രിയിൽ വീട്ടിലേക്ക്‌ കയറി വന്നത് കുറെ കവറുകളുമായിയാണ്…

” അഞ്ജു.. അമ്മേ… ”

” ഇതെന്താ ഏട്ടന് ലോട്ടറി വലതുമടിച്ചോ.. ” ഗിരി വിളിച്ചത് കേട്ട് പുറത്തേക്കിറങ്ങി വന്ന അഞ്ജലി ഗിരിയുടെ കൈയിലെ കവരുകൾ കണ്ടുകൊണ്ടു ചോദിച്ചു…

” ആഹ്… ഒരു ലോട്ടറി അടിച്ചൂന്ന് തന്നെ നീ കരുതിയ്ക്കോ… ദാ നിനക്കും അമ്മയ്ക്കുമുള്ളതുമുണ്ട്, നാളെ ഇത് വേണം രണ്ടുപേരുമുടുക്കാൻ… പിന്നെ രണ്ടു പേരും നോക്കിയിട്ട് ഇഷ്ട്ടപെട്ടൊന്ന് പറ… ഇല്ലേൽ ഇപ്പോൾ തന്നെ പോയി മാറ്റിയെടുക്കാം… ”

ഗിരി കവർ അവർക്ക് കൊടുത്തുകൊണ്ടു പറഞ്ഞു…. അഞ്ജലി ആ കവറുകൾ വാങ്ങി നോക്കിയതും അഞ്ജലിയ്ക്കു പച്ചയിൽ ചെറിയ ഗോൾഡൻ വർക്കുള്ള ഒരു പട്ടുസാരിയും അമ്മയ്ക്കായി ഒരു മുണ്ടും നേരിയതുമായിരുന്നു… അതു കൂടാതെ അവർക്ക് രണ്ടു പേർക്കുമായി വേറെയും ഡ്രെസ്സുകളുണ്ടായിരുന്നു….

” ഇഷടായൊ അമ്മേ.. ”

” എന്റെ മോൻ മേടിച്ചു തന്നതല്ലേ അമ്മയ്ക്കു ഇഷ്ട്ടമാകാതിരിക്കുവോ… ” അമ്മ ഇതും പറഞ്ഞു ഗിരിയെ ചേർത്ത് പിടിച്ചു…

” ഏട്ടാ ഒന്നു വന്നെ.. ” അഞ്ജലി ഗിരിയോട് പറഞ്ഞ ശേഷം അവളുടെ കൈയിലേ കവറുകളുമായി മുറിയിലേക്ക് കയറി..

” എന്താ ഏട്ടാ ഇതൊക്കെ… ”

ഗിരി മുറിയിലേക്ക് കയറിയതും, മുറിയുടെ വാതിലടച്ചു കുറ്റിയിട്ടുകൊണ്ട് അഞ്ജലി ചോദിച്ചു…

” ഇത് ഡ്രെസ്സല്ലേ…”

” അതല്ല.. കുറച്ചു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു, ഏട്ടന് എന്തെക്കെയൊ മാറ്റങ്ങൾ… പല ദിവസവും ഏട്ടൻ എവിടെയെക്കേയൊ പോകുന്നു എന്തൊക്കെയൊ ചെയുന്നു… ഒന്നും ചോദിച്ചാലും പറയില്ല… ഇനിയെങ്കിലും പറ.. ഏട്ടൻ എവിടെയ്ക്കാ എന്നും പോകുന്നത്… ഏട്ടൻ എന്താ ചെയ്യുന്നെ… എനിക്ക്.. എനിക്കെന്തോ പേടി തോന്നുന്നു ഗിരിയേട്ടാ… ഏട്ടൻ എന്നിൽ നിന്നുമകലുവാണോന്നു… ”

അഞ്ജലി അവനോടു പറഞ്ഞതും അതു കേട്ട് ഗിരി അവളുടെ മുഖത്തോട്ട് തന്നെ നോക്കി നിന്നു… ശേഷം അവൻ അഞ്ജലിയെ തന്നോട് ചേർത്തു പിടിച്ചു… അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കളഞ്ഞു…

” നിന്നെ വിട്ട് ഞാനെങ്ങൊട്ടും പോകില്ല മോളേ… പിന്നെ ഇത്രയും ദിവസം ഞാൻ എവിടെയ്ക്കാ പോയിരുന്നതിനുള്ളതിന്റെ ഉത്തരം… എന്തായാലും ഇത്രയുമാ മായില്ലേ ഇന്നൊരു ദിവസം കൂടെ നീ ഷെമിക്ക് നാളെ രാവിലെ നിന്നോട് ഞാൻ പറയാം… ഇപ്പൊൾ നല്ല ഷീണം ഒന്നുറങ്ങണം… ”

ഗിരി ഇതും പറഞ്ഞു അഞ്ജലിയെ വിട്ട്, അവന്റെ ഡ്രെസ് മാറി കട്ടിലിലേക്ക് കിടന്നു… അവന്റെയാ കിടപ്പ് കണ്ടു ഒരു നിമിഷം അവൾ അവനെ തന്നെ നോക്കി നിന്നു.. പിന്നെ കണ്ണുകൾ തുടച്ചു മുറിയ്ക്കു പുറത്തേക്കിറങ്ങി…

രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോലും ഗിരി ചെന്നില്ല.. അതും അഞ്ജലിയിൽ ചെറിയ വിഷമം നിറച്ചു… അവൾ ഗിരിയുടെ കൂടെ കട്ടിലിൽ ഓരോന്ന് ആലോചിച്ചു കിടന്നു പുലർച്ചെ എപ്പോഴോ ഉറങ്ങി…

രാവിലെ അഞ്ജലി ഉണർന്നു നോക്കിയപ്പോൾ അടുത്ത് ഗിരിയുണ്ടായിരുന്നില്ല… അതു കണ്ടു പെട്ടെന്ന് അവൾ എണീറ്റു മുറിയ്ക്ക്‌ പുറത്തേക്കിറങ്ങി… ഹാളിലും വെളിയിലും ഗിരിയെ നോക്കിയെങ്കിലും അവിടെയൊന്നും ഗിരിയെ അവൾക്കു കാണൻ കഴിഞ്ഞില്ല… അതു അവളിൽ ചെറിയൊരു പേടി നിറച്ചു….

അടുക്കളയിൽ ചെന്നു നോക്കിയപ്പോൾ അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

” അമ്മേ ഗിരിയേട്ടനെ കണ്ടോ… ” അവൾ തന്റെ പേടി അടക്കിപിടിച്ചു കൊണ്ടു ചോദിച്ചു…

” ഇല്ലല്ലോ, അവൻ മുറിയിലില്ലേ… ”

അമ്മ കൂടെ പറഞ്ഞപ്പോൾ അവൾ വേഗം മുറിയിലേക്ക് വന്നു അവളുടെ ഫോൺ എടുത്തു ഗിരിയുടെ ഫോണിലേക്ക് വിളിച്ചു…

കാൾ പോകുന്നുണ്ടെലും ഗിരി ഫോൺ എടുത്തില്ല… അവൾ വീണ്ടും വീണ്ടും വിളിച്ചേങ്കിലും അവൻ കാൾ എടുത്തതെയില്ല… അതു കണ്ടതും ഗിരിയ്ക്കു എന്തോ ആപത്തു സംഭവിച്ചുന്നു അവളുടെ മനസ് മന്ധ്രിച്ചു.. അവൾ കരച്ചിലോടെ നിലത്തെയ്ക്കിരുന്നു….

” മോളെ… മോളേ.. എന്തുപറ്റി… ഗിരി എന്ത്യേ.. ” അഞ്ജലിയുടെ കരച്ചിലും ഇരുപ്പും കണ്ടു അവിടെയ്ക്കു വന്ന അമ്മ പേടിയോടെ അവളോട്‌ ചോദിച്ചു….

” എനി…. എനിക്കറിയില്ലമ്മേ… ഏട്ടൻ എന്നോടൊന്നും പറഞ്ഞില്ല.. ഇപ്പോൾ വിളിച്ചിട്ട് ഫോൺ പോലും എടുക്കുന്നില്ല…” അവൾ കരച്ചിലോടെ അമ്മയോട് പറഞ്ഞതും വീട്ടുമുറ്റത്തു ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവൾ പെട്ടെന്ന് കണ്ണ് തുടച്ചുകൊണ്ടു മുൻ വശത്തെയ്ക്കു ഓടി…

വീടിന് മുന്നിലെത്തിയപ്പോഴെക്കും ചിറ്റേന്നു വിളിച്ചു അഞ്ജലിയുടെ ചേച്ചിയുടെ മോള് വന്നു അവളെ കേട്ടിപിടിച്ചു.. അവൾക്ക്‌ പുറകെ അഞ്ജലിയുടെ ചേച്ചിയും ഭർത്താവും.. ഭർത്താവിന്റെ വീട്ടുകാരുമുണ്ടായിരുന്നു….

” എന്താ… എന്താ.. എല്ലാരും കൂടെ പെട്ടെന്ന്… ” അഞ്ജലി അവരെ എല്ലാം കണ്ടതും പേടിയോടെ ചോദിച്ചു… ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ കാര്യം അവർ പറയാൻ പോകുന്നുന്ന് ആരോ അവളോട്‌ പറയും പോലെ അവൾക്കു തോന്നി…

” നീ എന്താ അങ്ങനെ ചോദിച്ചേ… ”

” അല്ല പെട്ടെന്ന് എല്ലാരേം കണ്ടപ്പോൾ ഞാൻ.. ”

” അപ്പോൾ ഗിരി ഒന്നും പറഞ്ഞില്ലേ… ”

” ഇ… ഇല്ലാ… ”

” ഗിരി ഇന്നെലെ വീട്ടിൽ വന്നിരുന്നു.. എല്ലാവർക്കുമുള്ള ഡ്രെസ്സ് എടുത്തുകൊണ്ടാണ് അവൻ വന്നത്.. കൂട്ടത്തിൽ എല്ലാരും ഇന്ന് ഇവിടെയ്ക്ക്‌ വരാനും പറഞ്ഞിരുന്നു … ”

അഞ്ജലിയുടെ ചേച്ചി അവളോട്‌ പറഞ്ഞതും അവൾ ഒരു നിമിഷം ഞെട്ടി നിന്നു… അപ്പോഴേക്കും മുറ്റത്തൊരു കാർ കൂടെ വന്നു നിൽക്കുന്ന ശബ്ദം കേട്ട് എല്ലാരും മുറ്റത്തെയ്ക്കു നോക്കി… കാറിൽ നിന്നും ഗിരിയുടെ അനിയത്തിയും ഭർത്താവും, ഭർത്താവിന്റെ വീട്ടുകാരും കൂടെ ഇറങ്ങി… അവരെ കണ്ടതും അഞ്ജലി അവരുടെ അടുത്തേക്ക് ഓടി…

” ഇതെന്തു കോലാമാടി.. ഇവിടെ ആരും കുടിക്കാനും കഴിക്കാനുമൊന്നും തരുന്നില്ലേ… ” അഞ്ജലിയേ കണ്ടതും ഗിരിയുടെ പെങ്ങൾ അനിത ചോദിച്ചു….

” അനിതെ ഗിരി ഏട്ടൻ എന്ത്യേ… ” അഞ്ജലിയുടെ ചോദ്യവും ഭാവവും അനിതയെയും ഭർത്താവിനെയും ചെറുതായിയൊന്നു പേടിപ്പിച്ചു.. അവർ മുഖത്തോട് മുഖം നോക്കി….

” അനിതെ ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ ഗിരിയേട്ടൻ എവിടെന്ന്…” അഞ്ജലി അനിതയേ പിടിച്ചുലച്ചു കൊണ്ടു ചോദിച്ചതും പുറത്തേ ശബ്ദം കേട്ട് വീടിനുള്ളിലുണ്ടായിരുന്നവരും പുറത്തേക്കിറങ്ങി വന്നു….

” അഞ്ജു.. വല്ല്യേട്ടൻ… ഏട്ടൻ ഇവിടെയില്ലേ.. ” അഞ്ജലി ചോദിച്ചത് കേട്ട് അനിത ചോദിച്ചു…

” അനി.. എന്റെ ഗിരി ഏട്ടന് എന്തോ സംഭവിച്ചിട്ടുണ്ട്… നിങ്ങൾക്ക് അതു അറിയൂകയും ചെയ്യാം.. പ്ലീസ് ടി.. എന്നോട് പറ.. എന്റെ ഏട്ടന് എന്താ പറ്റിയതെന്ന്… ” അഞ്ജലി കരച്ചിലോടെ ചോദിച്ചതും എല്ലാവരും ഒരു നിമിഷം ഞെട്ടി അഞ്ജലിയേ നോക്കി….

” അഞ്ജു.. ഏട്ടൻ ഇന്നെലെ വീട്ടൽ വന്നിരുന്നു.. എല്ലാവർക്കുമുള്ള ഡ്രെസ്സുമായി… എന്നിട്ട് ഇന്ന് രാവിലെ എല്ലാരും ഇവിടെയ്ക്കു വരാൻ പറഞ്ഞിട്ടാ ഏട്ടൻ ഇന്നലെ അവിടെ നിന്നും ഇറങ്ങിയത്…. എന്താ കാര്യമെന്ന് ചോദിച്ചിട്ടും ഏട്ടനൊന്നും പറഞ്ഞില്ല.. എല്ലാം ഇന്ന് നേരിൽ കാണാമെന്ന് മാത്രമേ പറഞ്ഞുള്ളു… അല്ല… വല്ല്യേട്ടൻ ഇവിടെയില്ലേ… ”

അഞ്ജലി ചോദിച്ചത് കേട്ട് അനിത പറഞ്ഞതും എല്ലാരും സംശയത്തോടെ പരസ്പരം നോക്കി… അപ്പോഴേക്കും ഒരു വാഹനം അഞ്ജലിയുടെ വീടിന് മുന്നിലേക്ക് വന്നു….

വല്ല്യേട്ടൻ…. വല്ല്യേട്ടൻ ഇവിടെയില്ലേ…” അഞ്ജലി ചോദിച്ചത് കേട്ട് അനിത പറഞ്ഞതും എല്ലാരും സംശയത്തോടെ പരസ്പരം നോക്കി… അപ്പോഴേക്കും രണ്ടു വാഹനങ്ങൾ അഞ്ജലിയുടെ വീടിന് മുന്നിലേക്ക് വന്നു നിന്നു….

അതു കണ്ടു അവർ നോക്കിയതും മുന്നിലെ വന്ന കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ഗിരി ഇറങ്ങി വന്നു… ഗിരിയേ കണ്ടതും അഞ്ജലി ഓടി ചെന്നു അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു… അത്‌ കാണെ ഗിരിയുടെ മുഖത്തും പരിഭ്രമം നിറഞ്ഞു….

” എന്താ അഞ്ജു, എന്തുപറ്റി.. ”

അവൻ വേവലാതിയോടെ ചോദിച്ചു…

” ഏട്ടൻ.. എവിടെ പോയതായിരുന്നു ഇത് വരെ… ഞാൻ എത്ര തവണ വിളിച്ചുന്നറിയുവോ.. ”

അവൾ കരച്ചിലോടെ തന്നെ പറഞ്ഞു…

” ടി.. അതു ഫോൺ സൈലന്റ് ആയി പോയി.. ഞാനറിഞ്ഞില്ല… പിന്നെയാ നിന്റെ കാൾ കണ്ടത്… അതു കണ്ടു നിന്നെ തിരിച്ചുവിളിച്ചിട്ടാണേൽ നീയും എടുത്തില്ലാ..”

ഗിരി പറഞ്ഞു നിർത്തിയാത്യത്തെ എല്ലാവരുടെയും മുഖത്തു ആശ്വാസം നിറഞ്ഞു…

” അല്ല നിങ്ങൾ രണ്ടു പേരും ഇതുവരെ റെഡിയായില്ലേ… ”

ഗിരി അഞ്ജലിയെയും അമ്മയെയും നോക്കി ചോദിച്ചു…

” അതു നിന്നെ കാണാനില്ലന്ന് പറഞ്ഞു ഇവൾ ഇവിടെ കിടന്നു ബഹളമായിരുന്നു.. അതു കൊണ്ടു ഒരുങ്ങാനൊന്നും പറ്റിയില്ല.. ഒരഞ്ചു മിനിറ്റ് മോനേ.. ”

ഇതും പറഞ്ഞു അമ്മ അഞ്ജലിയേ ദേഷ്യത്തോടെയൊന്നു നോക്കിയിട്ട് അകത്തേക്ക് പോയി… എല്ലാരും തന്നെ നോക്കി ചിരിയോടെ നിൽക്കുന്നത് കണ്ടതും അഞ്ജലിയ്ക്കു ചമ്മൽ തോന്നി.. അവൾ ഗിരിയുടെ മാറിലേക്ക് മുഖമൊളിപ്പിച്ചു….

” അതെ ഇങ്ങനെ നിന്നാൽ കാര്യമൊന്നും, നടക്കില്ല.. മോള് പോയി വേഗം റെഡിയാവു… ” ഗിരി പറഞ്ഞപ്പോൾ അഞ്ജലി സംശയഭാവത്തിൽ ഗിരിയേ നോക്കി…

” എവിടെയ്ക്ക് പോകാൻ… ”

” അതൊക്കെ സർപ്രൈസ്… അവിടെ ചെന്ന ശേഷം നീ അറിഞ്ഞാൽ മതി.. വേഗം പോയി ഡ്രെസ്സ് മാറി വാ.. സമയം പോകുന്നു… ” ഗിരി ഇതും പറഞ്ഞു അഞ്ജലിയെയും കൂട്ടി വീടിനുള്ളിലേക്ക് കയറി..

” എന്താ അളിയാ, ആ സർപ്രൈസ്.. ”

“സർപ്രൈസ് പറഞ്ഞാൽ പിന്നെ എന്താ അതിലൊരു, ത്രിൽ… തത്കാലം നിങ്ങൾ ഇറങ്ങിക്കൊ ഞാൻ അഞ്ജലിയെയും അമ്മയെയും കൂട്ടി വന്നോളാം…

ചേച്ചിയും അളിയനും പുറകിലെ വണ്ടിയിൽ കേറിക്കൊ, അനിതയും അളിയനും ആ വണ്ടിയുടെ പുറകെ പോയാൽ മതി… ഞാൻ ഈ ഡ്രെസ്സൊന്ന് മാറി വേഗം എത്തിയേക്കാം ”

ഇതും പറഞ്ഞു ഗിരി രണ്ടു വീട്ടുകാരെയും പറഞ്ഞു വിട്ടു… അൽപ്പ സമയം കഴിഞ്ഞതും അഞ്ജലി കുളിച്ചു തലേ ദിവസം ഗിരി കൊടുത്ത പച്ച കളർ സാരിയുമുടുത്തു ഇറങ്ങി വന്നു…

അപ്പോളേക്കും ഗിരിയും അവന്റെ ഡ്രെസ്സ് മാറി അഞ്ജലിയുടെ സാരിയുടെ അതെ കളർ ഷേർട്ടും ഒരു മുണ്ടുമുടത്തു മുറിയിൽ നിൽപ്പുണ്ടായിരുന്നു…

അഞ്ജലിയേ താൻ മേടിച്ചു കൊടുത്ത സാരിയിൽ കണ്ടതും ഗിരി അവളെ വലിച്ചു തന്റെ ദേഹത്തെയ്ക്കിട്ടു.. ശേഷം അവളുടെ മുഖത്തെയ്ക്കു വീണു കിടക്കുന്ന മുടിയിഴകൾ അവൻ ഒരു വിരലാളേ മാറ്റി അവളുടെ നെറ്റിയിലായി ഒരുമ്മ കൊടുത്തു…

” എന്നേ കാണാതായപ്പോൾ പേടിച്ചു പോയോ.. ”

അവൻ അരുമയോടെ ചോദിച്ചതും.. അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…

” സോറി.. നിന്നെ പേടിപ്പിക്കണമെന്ന് കരുതിയതല്ല.. പക്ഷെ പെട്ടെന്നോരാത്യാവിശ്യം വന്നപ്പോൾ എനിക്ക് പോകേണ്ടി വന്നു, നീയാണേൽ നല്ല ഉറക്കവും.. വെറുതെ നിന്നെ ശല്ല്യപെടുത്തണ്ടാന്ന് മാത്രമേ ഞാനപ്പോൾ കരുതിയുള്ളൂ… ”

അഞ്ജലിയുടെ കണ്ണുകൾ തുടച്ചു കൊണ്ടു ഗിരി പറഞ്ഞു…

” ഇന്നലെ ഏട്ടൻ പറഞ്ഞ വാക്കുകളും, രാവിലെ ഏട്ടനെ കാണാഞ്ഞതും, കൂട്ടത്തിൽ അവരെല്ലാം പെട്ടെന്ന് വീട്ടിലേക്ക്‌ വന്നതും എല്ലാം കൂടിയായപ്പോൾ എനിക്ക്… ”

” അവരെയെല്ലാം വിളിച്ചതും അതു നിന്നോട് പറയാഞ്ഞതും, എല്ലാം നിനക്കൊരു സർപ്രൈസ് ആയിക്കൊട്ടേന്ന് കരുതിയായിരുന്നു…. പക്ഷെ എന്റെ പെണ്ണ് ഇത്രയും തൊട്ടാവാടിയാണെന്ന് ഞാനറിഞ്ഞില്ലല്ലോ പെണ്ണെ… ”

ഗിരി ചെറു ചിരിയോടെ പറഞ്ഞതും അഞ്ജലിയുടെ ചുണ്ടിലും ചെറിയൊരു ചിരി വിരിഞ്ഞു…

” ഗിരിയേട്ടന്റെ കാര്യം വരുമ്പോൾ ഞാൻ തൊട്ടാവാടിയായി പോകുമേട്ടാ… ”

ഗിരിയുടെ നെഞ്ചിൽ തല ചായിച്ചു കൊണ്ടവൾ പറഞ്ഞു…

” അതെ ഇങ്ങനെ നിന്നാൽ മതിയൊ പോകേണ്ടേ.. ”

ഗിരി ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവനെ നോക്കി ശേഷം അവന്റെ കൈയും പിടിച്ചവൾ പുറത്തേക്കു വന്നു…

” ഈ കാർ ആരുടെയാ… ”

മുറ്റത്തു കിടക്കുന്ന കാർ കണ്ടു അവൾ സംശയത്തോടെ ചോദിച്ചു…

” നിനക്കിഷ്ടപ്പെട്ടോ.. ”

” ഇത്രയും നല്ല കാർ ആർക്കാ ഇഷ്ട്ടപെടാത്തെ.. ”

” എന്നാ കാറിന്റെ ചന്തം നോക്കി നിൽക്കാതെ കയറാൻ നോക്ക്.. ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം… ”

ഗിരി ഇതും പറഞ്ഞു അഞ്ജലിക്കായി മുന്നിലെ ഡോർ തുറന്നു കൊടുത്തതും അഞ്ജലി കയറിയിരുന്നു.. അപ്പോഴേക്കും അമ്മ വീട് പൂട്ടിയിറങ്ങി വന്നിരുന്നു… അമ്മയും കാറിൽ കയറിയതും ഗിരി കാർ മുന്നോട്ടെടുത്തു…

ഗിരിയുടെ കാർ ചെന്നു നിന്നത് പുതിയതായി പണി കഴിഞ്ഞ ഒരു ഇരുനില വീടിന് മുന്നിലായിരുന്നു… അവർ ചെല്ലുമ്പോൾ അവിടെയ്ക്കു ഷെണിക്കപെട്ടവർ വന്നെത്തുന്നതെയുണ്ടായിരുന്നുള്ളൂ… അഞ്ജലി കാറിൽ നിന്നുമിറങ്ങിയതും വീട് ആകമാനമൊന്നു നോക്കി…

അതിവിശാലമായൊരു ഇരുനില വീട് തന്നെയായിരുന്നു അതു, തൂവെള്ള നിറത്തിൽ പെയിന്റ് അടിച്ചവീടിന് ചുറ്റും ജമന്തി പൂക്കൾ കൊണ്ടു അലങ്കരിച്ചിരിക്കുന്നു …

അത്യാവശ്യം വല്ല്യൊരു മുറ്റം, അതിൽ വാഹനം കയറുന്ന വഴി മുഴുവൻ ഇന്റർലോക്ക് ഇട്ടിരിക്കുന്നു, അതിന് ചുറ്റും പച്ചപുല്ലുകൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്… അതിന് ഒത്ത നടുക്കായി ഒരു കിണർ, ഒരു പൂക്കുട വച്ചേക്കുന്ന പോലെ കിണറിന് ചുറ്റുമതിൽ പിടിപ്പിച്ചിട്ടുണ്ട് ….

” ഇവിടെ നിന്നാൽ മതിയൊ അകത്തേക്ക് കയറേണ്ടേ.. ”

ഗിരി വന്നു വിളിച്ചപ്പോഴാണ് അവൾ അവനെ നോക്കുന്നത് ശേഷം അവൾ ഗിരിയുടെ കൈയ്യും പിടിച്ചു നടന്നു…. വീടിനുള്ളിലേക്ക് കയറാൻ വന്നതും ഒരാൾ വന്നു അവരെ തടഞ്ഞു… അതു കണ്ടു അഞ്ജലി നോക്കിയതും അഞ്ജലിയുടെ അമ്മ ഏഴ് തിരിയിട്ട നിലവിളക്ക്‌ അവളുടെ കൈയിലേക്ക് കൊടുത്തു…

” വലതു കാൽ വച്ചു കയറുമോളേ… ” അഞ്ജലിയുടെ അമ്മ അവളോട്‌ പറഞ്ഞതും അവൾ സംശയത്തോടെ ഗിരിയേ നോക്കി…

” നമ്മുടെ പുതിയ വീടാണ്… ഇതാണ് നിനക്കായുള്ള എന്റെ സർപ്രൈസ്…”

ഗിരി പറഞ്ഞതും, നിറ ചിരിയാലേ അവനെയൊന്നു നോക്കിയ ശേഷം അമ്മയുടെ കൈയിൽ നിന്നും വിളക്ക് വാങ്ങി അഞ്ജലിയും ഗിരിയും വലതു കാൽ വച്ചു വീടിനുള്ളിലേക്ക് പ്രേവേശിച്ചു…

വിളക്ക് പൂജാമുറിയിൽ കൊണ്ടു ചെന്നു വച്ചു പ്രാർത്ഥിച്ച ശേഷം മേസ്തിരി ആ വിളക്കിൽ നിന്നുമൊരു തിരി എടുത്തു അഞ്ജലിയുടെ കൈയിലേക്ക് കൊടുത്തുകൊണ്ടു അടുക്കളയിലേക്ക് പോകാൻ പറഞ്ഞു…

അടുപ്പിൽ തീ കത്തിച്ചു പാൽ തിളച്ചു തൂവിയതും അഞ്ജലി സന്തോഷത്തോടെ ഗിരിയേ കേട്ടിപിടിച്ചു അതു കണ്ടു ഗിരിയും അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിലായൊരുമ്മ കൊടുത്തതും അതു കണ്ടു അവിടെയുണ്ടായിരുന്നവർ ആർത്തു ചിരിച്ചു…

” ഈ ഗിരിയേട്ടൻ.. ”

ഇതും പറഞ്ഞവൾ അവന്റെ അടുത്ത് നിന്നും മാറി തിളച്ചു തൂവിയ പാൽ പാത്രം എടുത്തു മാറ്റി ആറാനായി മാറ്റി വച്ചു… രാത്രിയായതും ആളുകളെല്ലാം പിരിഞ്ഞു പോയി അവിടെ വീട്ടുകാർ മാത്രമായി…

” അല്ലളിയാ അമ്മേയെയും അനിയെയും വിളിച്ചില്ലേ…” പാല് കാച്ചലെല്ലാം കഴിഞ്ഞു എല്ലാവരും കൂടെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അനിതയുടെ ഭർത്താവ് ചോദിച്ചു…

” ഞാൻ വീട്ടിൽ ചെന്നു വിളിച്ചതാ.. വരില്ലാന്ന് തീർത്തു പറഞ്ഞു… ആദ്യം അതു കെട്ടപ്പോൾ ചെറിയൊരു വിഷമമുണ്ടായിരുന്നു.. പിന്നെ കരുതി നമ്മളെ സ്നേഹിക്കുന്നവർ മാത്രം മതിയെന്ന്… ”

” എന്നാലും അളിയൻ ഇത്രയും വല്ല്യൊരു സർപ്രൈസ് തരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല… എങ്ങനെ ഒപ്പിച്ചു ഇത്രയും നല്ലൊരു വീട്… ”

” അതിന്റെ ക്രെഡിറ്റ്‌ എന്റെ ഭാര്യയ്ക്ക് തന്നെയാണ്.. ” ഗിരി അഭിമാനത്തോടെ പറഞ്ഞതും എല്ലാവരും അഞ്ജലിയേ നോക്കി.. അവളാണേൽ ഗിരി പറഞ്ഞത് കേട്ട് ഒന്നും മനസിലാകാതെ നിൽക്കുവായിരുന്നു…

” അതിന് അഞ്ജുവിന്.. ഇവിടെ വന്നതിന് ശേഷമല്ലേ എല്ലാം മനസ്സിലായത് തന്നെ… രാവിലെ വല്ല്യേട്ടനെ കണ്ടില്ലന്ന് പറഞ്ഞു എന്തായിരുന്നു ബഹളം… ആാാ ”

ഗിരി പറഞ്ഞത് കേട്ട് അനിത പറഞ്ഞു നിർത്തിയതും അനിതയുടെ അടുത്ത് നിന്ന അഞ്ജലി അവളുടെ കാലിനിട്ടൊരു ചവിട്ടു കൊടുത്തതും അവൾ വലിയ വായിൽ നിലവിളിച്ചു…

” ഞാനതിന് ഒള്ളത് മാത്രമല്ലേ പറഞ്ഞുള്ളു… എന്റെ കാല്.. ” അവൾ അഞ്ജലിയോടായി പരിഭവിച്ചതും അഞ്ജലി അവളെയൊന്നു ചിരിച്ചു കാണിച്ചു…

” അല്ല അഞ്ജലി എന്താ പറഞ്ഞേ…”

അഞ്ജലിയുടെയും അനിതയുടെയും കോപ്രായങ്ങൾ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ അടുത്ത അളിയൻ ചോദിച്ചു…

” ആഹ് അതു മറ്റൊന്നുമല്ല… ഗെൽഫിൽ പോയ സമയത്തുള്ള ഫോൺ വിളിക്കിടയിൽ ഒരു ദിവസം ഇവൾ പറഞ്ഞതാ.. വീട്ടുകാർക്ക്‌ വേണ്ടി എല്ലാം ചെയുന്നത് നല്ലത് തന്നെ..

പക്ഷെ അവരറിയാതെ ചെറിയൊരു സമ്പാദ്യം സ്വന്തമായിയുണ്ടാക്കുന്നതും നല്ലതാന്ന്… അന്ന് ഞാനത് ചിരിച്ചു തള്ളിയെങ്കിലും അവിടെ എന്റെ കൂടെയുണ്ടായിരുന്ന ചിലരുടെ അനുഭവങ്ങൾ കൂടെ കെട്ടപ്പോൾ ഇവൾ പറഞ്ഞ വഴി നല്ലതാന്ന് തോന്നി…

അന്ന് മുതൽ ചെറിയൊരു സമ്പാദ്യം ഞാൻ സേവ് ചെയ്യാൻ തുടങ്ങിയിരുന്നു. അതു കൊണ്ടേതായാലും നല്ലൊരു വീട് തന്നെ വെക്കാൻ പറ്റി…. ”

ഗിരി പറഞ്ഞു നിർത്തിയതും സന്തോഷം കൊണ്ടു അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

” ഇതിനുമാത്രം കണ്ണീർ ഇതെവിടെ കിടക്കുന്നു മോളേ… ”

അഞ്ജലി കണ്ണുതുടയ്ക്കുന്നത് കണ്ടു അനിത അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞതും അഞ്ജലി അവളെ തറപ്പിച്ചൊന്നു നോക്കി….

” ഈൗ .. ”

” അതെന്തായാലും നന്നായിയളിയാ… എല്ലാ പ്രവാസികൾക്കും പറ്റുന്ന ഒരു കാര്യമാ, അവിടെ കിടന്നു കഷ്ടപെട്ടുണ്ടാക്കുന്ന എല്ലാം വീട്ടിലേക്ക് അയച്ചു കൊടുക്കും.. അവസാനം വരുമ്പോൾ അവരുടെ കൈയിൽ ഒന്നും കാണില്ല… ”

അനിതയുടെ ഭർത്താവ് പറഞ്ഞു…

” ആഹ് പിന്നെ ഒരു കാര്യം കൂടെ പറയാനുണ്ട്… ടൗണിലെ രണ്ടു കടമുറി കൂടെ ഞാനെടുത്തു… ഒരു ബേക്കറിയും ഹോട്ടലും കൂടെ തുടങ്ങാനാണ് പ്ലാൻ…

എന്റെ ഒരു ഫ്രണ്ടുണ്ട് അവൻ എറണാകുളത്തു ഒരു റിസോർട്ടിലെ ഷെഫാണ് … അവന്റെ അച്ഛനും നല്ലരു പാചകക്കാരാണ്… അവരൂടെയും കൂടെ പാർട്ണർഷിപ്പിലാണ് ഹോട്ടൽ…

ബേക്കറി എന്റെ മാത്രം… അഞ്ജലിയും അമ്മയും അത്യാവശ്യം ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്നത് കൊണ്ടു ആ കാര്യത്തിലും പുറത്തുന്ന് മറ്റുള്ളവരെ ആശ്രയിക്കണ്ടാ…

ഒരു ബാങ്ക് ലോൺ ശെരിയാക്കാൻ വേണ്ടി നടക്കുവായിരുന്നു… ഇന്ന് ആ ലോൺ പാസായി രണ്ടു ദിവസത്തിനുള്ളിൽ ഫണ്ട്‌ കിട്ടും, അപ്പോൾ അടുത്ത ദിവസം തന്നെ അതിന്റെ പണിയും തുടങ്ങണം ”

” അപ്പോൾ അളിയൻ രണ്ടും കല്പിച്ചാണല്ലേ… ” ഗിരി പറഞ്ഞു നിർത്തിയതും അഞ്ജലിയുടെ ചേച്ചിയുടെ ഭർത്താവ് പറഞ്ഞു..

” പിന്നെ ഇങ്ങനെ എന്തെങ്കിലും തുടങ്ങിയില്ലേൽ നമ്മുടെ കാര്യമൊന്നും നടക്കില്ലല്ലോ.. പിന്നെ ഇതെല്ലാമൊന്നു ഒക്കെയായിട്ട് നിങ്ങളോട് പറയാമെന്ന് കരുതി… ”

ഗിരി പറഞ്ഞു നിർത്തിയതും എല്ലാവർക്കും സന്തോഷമായി.. നേരം ഒത്തിരിയായത് കൊണ്ടു തന്നെ അവർ വീടിനുള്ളിലേക്ക് കയറി…

ഗിരി ഫ്രഷായി മുറിയിലേക്ക് വന്നതും അഞ്ജലിയും കുടിക്കാനുള്ള വെള്ളം ജെഗ്ഗിലാക്കി കൊണ്ടു മുറിയിലേക്ക്‌ കയറിയിരുന്നു…

അതു കണ്ടു ഗിരി അഞ്ജലിയേ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു… ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം കോർത്തു നിന്നു…

” അന്ന് നീ പറഞ്ഞപോലെ സ്വന്തമായൊരു വീട് ഞാനുണ്ടാക്കി… ഒരു ജോലി കണ്ടു പിടിച്ചില്ലേലും വരുമാനമുണ്ടാക്കാനുള്ള ഒരു വഴിയും കണ്ടു പിടിച്ചു… ” ഗിരി ഇത് പറഞ്ഞു നിർത്തിയപ്പോഴും അഞ്ജലിയുടെ കണ്ണുകൾ ഗിരിയുടെ മുഖത്തായിരുന്നു…

” നമ്മുടെ ആദ്യരാത്രി, ഇപ്പോഴും പെൻഡിങ്ങാണ് ” ഗിരി കുറുമ്പോടെ പറഞ്ഞതും അഞ്ജലിയുടെ മനസിലേക്ക് കല്യാണദിവസം പറഞ്ഞ കാര്യങ്ങൾ കടന്നു വന്നു… അന്ന് പറഞ്ഞു കാര്യങ്ങൾ ഓർത്തതും സങ്കടം കൊണ്ടവളുടെ മുഖം താണു…

” സോറി… ഏട്ടാ.. ഞാൻ…. ഞാനൊന്നോന്നും ഉദേശിച്ചു പറഞ്ഞതല്ല… ഏട്ടൻ… ”

” അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ… അന്ന് നീ അങ്ങനെയോക്കേ പറഞ്ഞപ്പോൾ എനിക്കും ചെറിയൊരു വാശിയുണ്ടായിരുന്നു… നമ്മുടെ ആദ്യരാത്രി നമ്മുടെ ഈ വീട്ടിൽ വച്ചു മതിയെന്ന്… ഞാൻ നിന്നെ എന്റെ മാത്രമാക്കിക്കോട്ടേ… ”

അഞ്ജലിയുടെ ചെവിയിലായി ഗിരി പറഞ്ഞതും, അവൾ നാണത്തോടെ അവന്റെ ശരിരത്തോടെ ചേർന്നു നിന്നു… അതു കണ്ടു അവൻ ലൈറ്റ് ഓഫ് ചെയ്തു അഞ്ജലിയുമായി കട്ടിലിലേക്ക് വീണു…

അടുത്ത ദിവസം രാവിലെ അഞ്ജലി ഉറക്കമുണർന്നു നോക്കിയപ്പോൾ അവൾ ഗിരിയുടെ നഗ്നമായ നെഞ്ചിൽ തല വച്ചു കിടക്കുവായിരുന്നു…

അവളുടെ മനസിലേക്ക് തലേ ദിവസം നടന്ന കാര്യങ്ങൾ ഓർമ്മ വന്നതും അവളുടെ ചുണ്ടിൽ നാണത്തിൽ കലർന്നൊരു ചിരി വിരിഞ്ഞു… അവൾ ആ ഓർമയിൽ തന്നെ ഉറങ്ങിക്കിടക്കുന്ന ഗിരിയുടെ നെറ്റിയിലായി ഒരുമ്മ കൊടുത്തു.. ശേഷം ബെഡ്ഷീറ്റ് മൂടിയവൾ എണീക്കാൻ നോക്കിയതും ഗിരി അവളെ വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു…

” ഏ…ഏട്ടാ… സ…. സമയം ഒത്തിരിയായി… ഞാ… ഞാൻ ചെല്ലട്ടേ.. ”

അവൾ ഗിരിയുടെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു… അതു കേട്ട് അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നേരെ അവന്റെ മുഖം കൊണ്ടു വരുന്നത് കണ്ടതും അവൾ കണ്ണുകളടച്ചു പിടിച്ചു, അതു കണ്ടവൻ അവളുടെ രണ്ടു കണ്ണിലുമായവൻ ഉമ്മ വെച്ചു, ശേഷം അവളെയും കെട്ടിപിടിച്ചു വീണ്ടും കിടന്നു…

” ഏട്ടാ വിട്ടേ സമയം ഒത്തിരിയായെന്ന്… ”

” ആകട്ടേ.. അതിനിപ്പോൾ എന്താ.. ”

” താഴെ എല്ലാരും അന്വേഷിക്കും… ”

” താഴെയിപ്പോൾ അമ്മയും പെങ്ങന്മാരും അളിയന്മാരൂമല്ലേയുള്ളൂ.. അവർക്കെല്ലാം മനസ്സിലാകും നമ്മുടെ അവസ്ഥ… അതു കൊണ്ടു മോളിവടെ കിടക്കു.. ”

ഇതും പറഞ്ഞവൻ വീണ്ടും അവളെ തന്റെ ദേഹത്തെയ്ക്കു വലിച്ചിട്ടതും അവൾ അവന്റെ നെഞ്ചിലെയ്ക്കു അവളുടെ പല്ലുകൾ താഴ്ത്തി…

” ആഹ്… ടി… ” ഗിരിയുടെ കൈ ഒരു നിമിഷം അയഞ്ഞതും, ആ സമയം കൊണ്ടവൾ മാറിയുടുക്കാനുള്ള ഡ്രെസ്സുമെടുത്തവൾ ബാത്‌റൂമിലേക്ക് ഓടി കയറി… അതു കണ്ടൊരു ചിരിയോടെ അവൻ കട്ടിലിൽ കിടന്നു…

അൽപ്പ സമയം കഴിഞ്ഞു അവൾ കുളിച്ചു ഇറങ്ങുമ്പോഴും അവൻ കട്ടിലിൽ തന്നെ കിടക്കുവായിരുന്നു.. അതു കണ്ടു അവൾ മുടി തോർത്തി കെട്ടി കണ്ണാടിയ്ക്കു മുന്നിൽ വന്നു നിന്ന് ഒരു നുള്ള് സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ ചാർത്തി… ശേഷം ഗിരിയേ ബാത്‌റൂമിലേക്ക് തള്ളി വിട്ടുകൊണ്ടവൾ മുറിയിൽ നിന്നിറങ്ങി താഴെയ്ക്കു പോയി…

അഞ്ജലി അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ അഞ്ജലിയുടെ അമ്മയും ചേച്ചിയും ഗിരിയുടെ അനിയത്തിയുമുണ്ടായിരുന്നു..
അവർ അഞ്ജലിയേ കണ്ടതും… ഒരു ചിരിയോടെ എതിരെറ്റു…

എല്ലാവരും കൂടേകൂടി പെട്ടെന്ന് തന്നെ ഭക്ഷണമുണ്ടാക്കി.. കഴിച്ചു അഞ്ജലിയുടെ ചേച്ചിയും ഭർത്താവും കുഞ്ഞും ഗിരിയുടെ പെങ്ങളും പൊകനായി ഗിരിയോടും അഞ്ജലിയോടും യാത്ര ചോദിച്ചതും ….

” ടാ…. ഗിരി … ” വീടിന് മുന്നിൽ നിന്നും നീട്ടിയുള്ള വിളിയും ഒരുമിച്ചായിരുന്നു… അതു കേട്ട് എല്ലാരും പുറത്തേക്കിറങ്ങിയതും അവിടെ അതീവ ദേഷ്യത്തോടെ നിൽക്കുന്ന ഗിരിയുടെ അമ്മയേയാണ് കാണുന്നത്…

” അമ്മ… അമ്മ എന്താ അവിടെ തന്നെ നിൽക്കുന്നെ കയറി വാ… ” ഗിരിയുടെ അമ്മയേ മുന്നിൽ കണ്ടതും അഞ്ജലി അതീവ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു….

” ഞാൻ നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ലാ… എവിടെ നിന്റെ കെട്ടിയോൻ… ” ഗിരിയുടെ അമ്മ പെട്ടെന്ന് പറഞ്ഞതും അഞ്ജലിയുടെ മുഖം വിളറി വെളുത്തു… അമ്മയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊന്നും കേൾക്കുമെന്ന് അവൾ കരുതിയിരുന്നില്ല.. അവൾ ഭയത്തോടെ അമ്മയേ നോക്കി…

” എന്താ അമ്മേ.. എന്തിനാ ഏട്ടത്തിയേ വഴക്ക് പറയുന്നത്… അതിനുമാത്രം എന്താ ഇവിടെ ഉണ്ടായത്… ” അവിടെയ്ക്കു വന്ന അനിത ചോദിച്ചു…

” ഓഹ് നീയുമുണ്ടായിരുന്നോ ഇവിടെ… ” അനിതയേ കാണെ ഗിരിയുടെ അമ്മ പുച്ഛത്തോടെ പറഞ്ഞു…

” ഞാൻ മാത്രമല്ല.. എന്റെ കെട്ടിയോനും ഏട്ടന്റെ വീട്ടുകാരൂമുണ്ടായിരുന്നു… അല്ല അമ്മ ഇങ്ങോട്ടേക്കില്ലന്ന് പറഞ്ഞതെല്ലേ.. പിന്നെ എന്തിനാ വന്നത്, കുഞ്ഞേട്ടൻ ഇറക്കി വിട്ടോ അവിടെന്ന് …”

അനിത അമ്മയേ നോക്കി പുച്ഛത്തോടെ ചോദിച്ചതും ആ നിമിഷം തന്നെ ഗിരിയുടെ അനിയനും ഭാര്യയും കൂടേ അവിടെയ്ക്കു വന്നിരുന്നു…. അപ്പോഴേക്കും എല്ലാവരുടെയും പുറകിലായി ഗിരിയും അവിടെയ്ക്കെത്തി….

” എന്നാലും ഏട്ടനെ കുറിച്ച് ഞാനിങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല… ”

ഗിരിയേ കാണെ അനി പറഞ്ഞു…

” വല്ല്യേട്ടൻ എന്നാ കാണിച്ചൂന്നാ… ഈ വീട് വച്ചതോ… ഏട്ടൻ അധ്വാനിച്ചുണ്ടാക്കിയ സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിട്ടതല്ലേ ഏട്ടനെ പിന്നെ…”

” ഛീ നിർത്തടി… നീയിതെന്തറിഞ്ഞിട്ടാ… അങ്ങേര് അധ്വാനിച്ചുണ്ടാക്കി പോലും… ബാങ്കിൽ നിന്നും ലോണെടുത്താ അങ്ങേര് ആ വീട് ഉണ്ടാക്കിയത്.. എന്നിട്ട് ആ കാശ് പോലും തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുവായിരുന്നു ഒരു വല്ല്യേട്ടൻ…

ഇപ്പോൾ പലിശ അടക്കം ഏഴ് ലക്ഷം രൂപ ഉടനെ അടച്ചില്ലേൽ വീടും സ്ഥലവും ജപ്തി ചെയ്തു ലേലത്തിൽ വെക്കുമെന്ന് നോട്ടീസ് വന്നു വീട്ടിൽ.. അപ്പോഴാ ഈ കാര്യം ഞങ്ങൾ അറിയുന്നത് തന്നെ… ”

അനി ദേഷ്യം നിയന്ത്രിച്ചു കൊണ്ടു പറഞ്ഞതും എല്ലാവരിലുമൊരു ഞെട്ടലോടെ ഗിരിയേ നോക്കി… എന്നാൽ ഗിരിയുടെ ചുണ്ടിൽ മാത്രമായൊരു ചിരിയുണ്ടായിരുന്നു ഒരു വിജയ ചിരി…

” അപ്പോൾ.. അമ്മയല്ലെ പറഞ്ഞേ… വീടും സ്ഥലവും കുഞ്ഞേട്ടന്റെയും നാത്തൂന്റെയും പേരിൽ എഴുതി വെച്ചേക്കുവാണെന്ന്…. അപ്പോൾ എങ്ങനെയാ ഏട്ടൻ വീടും സ്ഥലവും പണയപെടുത്തുന്നത്… ” അനി പറഞ്ഞത് കേട്ട് അനിത സംശയത്തോടെ ചോദിച്ചു….

” അതു…. അതു ഞാനന്ന് ഇവളെ വീട്ടിൽ കയറ്റാതിരിക്കാൻ വേണ്ടി പറഞ്ഞതാ…

ഒരു തവണ ഇവൻ പറഞ്ഞിട്ട് വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ബാങ്കിൽ കൊണ്ടു ചെന്നു വെക്കേണ്ടി വന്നു… എന്നാലേ ബാങ്കിൽ നിന്നും പൈസ എടുക്കാൻ പറ്റുവെന്നും ഇവനും പിന്നെ ആ ബാങ്കിലേ മാനേജരും പറഞ്ഞു…

പക്ഷെ ഇവൻ ഇങ്ങനെയൊരു പണി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… ”

അമ്മ ഇത്രയും പറഞ്ഞു നിർത്തി കണ്ണുതുടച്ചതും അനിത ഒരു നിമിഷം അവരെ നോക്കി നിന്നു, പിന്നെ ഗിരിയുടെ അടുത്തേക്ക് ചെന്നു….

” വല്ല്യേട്ടാ അമ്മയും കുഞ്ഞേട്ടനുമൊക്കെ ഈ പറഞ്ഞത് സത്യമാണോ…, ”

” സത്യമാണ്… ”

ഗിരി അനിതയുടെ മുഖത്തു നോക്കി യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞതും എല്ലാവരിലുമൊരു ഞെട്ടലുണ്ടായി…

” എന്തിനായിരുന്നു….”

” സിമ്പിളായി പറഞ്ഞാൽ… ഞാനിതൊക്കെ നേരെത്തെ പ്രതീക്ഷിച്ചിരുന്നു… ഞാൻ ഗെൾഫിലെത്തിയ ശേഷമുള്ള അമ്മയുടെയും ഇവന്റെയും മാറ്റങ്ങൾ ഞാനറിയുന്നുണ്ടായിരുന്നു… പലരും വഴി… കൂട്ടത്തിൽ ഞാനിന്നലെ പറഞ്ഞപോലെ ചിലരുടെയൊക്കെ അനുഭവങ്ങൾ കൂടി കെട്ടപ്പോൾ ഒന്നു കളിച്ചു നോക്കാമെന്ന് കരുതി…

അതിനു മുന്നേ തന്നെ പണയത്തിലിരുന്ന നമ്മുടെ വീടിന്റെ ആധാരം ഞാനെടുത്തു കൊടുത്തിരുന്നു അമ്മയുടെ കൈയിൽ…

പിന്നെ പുതിയ വീട് പണിയണമെന്നും പറഞ്ഞു പുതിയ വീടിന്റെ പ്ലാൻ എന്റെ കൈയിൽ കിട്ടിയപ്പോൾ,

അതിന് ചിലവാകുന്ന എമൌണ്ട് അന്നത്തെ എന്റെ അവസ്ഥയിൽ എന്റെ കൈയിൽ നിൽക്കില്ലന്ന് മനസിലാക്കിയ ഞാൻ എന്റെ ഒരു ഫ്രണ്ട് മുഖേന ബാങ്കിൽ നിന്നെടുത്ത അതെ ആധാരം മറ്റൊരു കാരണം പറഞ്ഞു അമ്മയേ കൊണ്ടു അവിടെ തിരിച്ചു വെപ്പിച്ചു..

ലോൺ കിട്ടാൻ അമ്മയുടെ സൈൻ മാത്രം മതിയായിരുന്നു… ലോൺ സാങ്കഷനായപ്പോൾ അതു എന്റെ അകൗണ്ടിലേക്ക് ഞാൻ ട്രാൻസ്ഫർ ചെയ്പ്പിച്ചു.. ശേഷം അതിൽ നിന്നാണ് ഓരോ മാസവും വീടുപണിയ്ക്കു വേണ്ടി ഞാൻ കാശ് അയച്ചത്.. അതോടൊപ്പം ഞാൻ ബാങ്ക് ലോണിന്റെ മാസത്തവണയും ഞാൻ അടച്ചിരുന്നു…

പത്തു ലക്ഷമാണ് അന്ന് ലോൺ എടുത്തത്.. അതിൽ എന്നേ വീട്ടിൽ നിന്ന് അടിച്ചിറകുന്നത് വരെയുള്ള എല്ലാം തവണകളും മുടങ്ങാതെ ഞാൻ അടച്ചിട്ടുണ്ട്.. ഏകദേശം ആറു ലക്ഷം രൂപയോളം…

അവിടെ നിന്ന് ഇറക്കി വിട്ടപ്പോൾ അമ്മ പറഞ്ഞത് പോലെ വീട് ഇവന്റെ പേരിലാക്കിയിട്ടില്ലാന്നുള്ള വിവരം എനിക്ക് അറിയാമായിരുന്നു.. അന്ന് എന്നേ ഇറക്കി വീട്ടില്ലായിരുന്നേൽ നിങ്ങൾ പോലും അറിയാതെ വീടിന്റെ ആധാരം ഞാൻ തിരിച്ചെടുത്തു തന്നെനെ…

എന്നേ ഇറക്കി വിട്ട ശേഷം ആ ലോൺ അടയ്‌ക്കേണ്ടത്, എന്റെ ഉത്തരവാദിത്വമല്ല… ആ വീട്ടിൽ താമസിക്കുന്നവരുടെ മാത്രം ഉത്തരവാദിത്വമാണ്….

പിന്നെ ഈ കാര്യങ്ങളെല്ലാം പല വട്ടം നിങ്ങളോട് പറയാൻ ഞാനൊരുങ്ങിയതാണ്.. പക്ഷെ എന്നേ കേൾക്കാൻ നിങ്ങൾ ആരും തന്നെ തയാറായില്ല… അതു എന്റെ തെറ്റല്ലല്ലോ….

പിന്നെ അമ്മയും അനിയനുമല്ലേയേന്നോർത്ത് ഒരു കാര്യം ഞാൻ ചെയ്യാം… ഈ ജപ്തി ഒഴിവാക്കാൻ ഇത് വരെ മുടങ്ങിയ ലോൺ അടവ് ഞാൻ അടച്ചേക്കാം എന്റെ ഔദാര്യമായി…. ബാക്കി അവിടെ താമസിക്കുന്നവരും ഭാവിയിലേ ആ വീടിന്റെ അവസാകാശികളും ചേർന്നു അടച്ചേക്ക്‌ ”

ഗിരി പറഞ്ഞു നിർത്തിയതും, ഒന്നും മിണ്ടാതെ അനിയനും ഭാര്യയും ഇറങ്ങി പോയി….

” അമ്മയ്ക്ക് എപ്പോൾ വേണേലും ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാം… പക്ഷെ ഇവളെയും കൂടി അംഗീകരിക്കണമെന്ന് മാത്രം… ” ഗിരി അമ്മയേ നോക്കി പറഞ്ഞതും, അവർ ഗിരിയെയും അഞ്ജലിയെയും നോക്കി ശാപവാക്കുകൾ പറഞ്ഞ ശേഷം ദേഷ്യത്തോടെ അവിടെ നിന്നുമിറങ്ങി പോയി…

” ഇത്രയും വേണ്ടായിരുന്നു ഏട്ടാ… ” അവരെല്ലാം പോയ ശേഷം അഞ്ജലി ഗിരിയോട് പറഞ്ഞു….

” ഏയ്‌.. വല്ല്യേട്ടൻ ചെയ്തത് തന്നെയാണ് ശെരി… ഇത്രയും നാളും വല്ല്യേട്ടൻ കൊണ്ടു ചെല്ലുന്നതു കാലും നീട്ടിയിരുന്നു തിന്ന് തീർത്തു വല്ല്യേട്ടനെ തന്നെ കുറ്റം പറയുവല്ലായിരുന്നോ അമ്മയും കുഞ്ഞേട്ടനും… ഇനി അവർ മേലനങ്ങി പണിയെടുക്കട്ടേ… ”

അഞ്ജലി പറഞ്ഞു നിർത്തിയതും അത്‌ കേട്ട് അനിത ഗിരിയൊട് പറഞ്ഞുകൊണ്ടു എല്ലാവരും അവിടെ ഇന്നും യാത്രയും പറഞ്ഞിറങ്ങി…. അവസാനം ആ വീട്ടിൽ ഗിരിയും അഞ്ജലിയും അഞ്ജലിയുടെ അമ്മയും മാത്രമായി…

നാളുകൾക്ക്‌ ശേഷം സ്വന്തം ബിസിനസും നോക്കി അഞ്ജലിയുടെയും അവരുടെ മക്കളുടെയുമൊപ്പം ഗിരി സുഖമായി ജീവിക്കുന്നു…

അന്നന്നത്തെ അന്നത്തിനും ബാങ്ക് ലോണും അടയ്ക്കാനുമുള്ള നെട്ടോട്ടത്തിലാണിപ്പോൾ ഗിരിയുടെ അമ്മയും അനിയനും…

ഇനി അവർ ജീവിക്കട്ടേ… എല്ലാവരും ഗിരിയുടെ അമ്മയെയും അനിയനെയും പോലെയുമായിരിക്കില്ല… പക്ഷെ ഇങ്ങനെയുള്ളവരും നമ്മുടെ കൂട്ടത്തിലുണ്ട്…

കുടുംബം നോക്കണം… അതിനോടൊപ്പം സ്വന്തം കാര്യം കൂടി നോക്കിയില്ലേൽ അവസാനം കുടുംബത്തിൽ നിങ്ങൾക്ക്‌ കറിവേപ്പിലയുടെ വില പോലും കിട്ടിയെന്ന് വരില്ല… ഒരു ഓർമ്മപെടുത്തൽ മാത്രം…

Post a Comment

0 Comments