Ticker

6/recent/ticker-posts

കാർണിവറസ് (മാംസാഭുക്ക് )

 ഇങ്ങനെയുള്ള അറിവുകളാണ്  മറ്റുള്ളവരും അറിഞ്ഞിരിക്കേണ്ടത്


ജുറാസിക് പാർക്ക്‌ സിനിമയിൽ ജനറ്റിക് എഞ്ചിനീയറിങ്ങിലൂടെ വളർത്തിയെടുത്ത ദിനോസറുകളെ കാണിക്കാൻ കുറെയാളുകളെ കൊണ്ടുപോകുന്ന വഴിയിൽ ഒരു മരം കാണിച്ചു ഇത് കാർണിവോറസ് ( മാംസഭുക്ക് ) ആണെന്ന് പറയുന്നുണ്ട്. പണ്ട് സ്കൂളിൽ അത്തരം ചെടികളെപ്പറ്റി പഠിച്ചിട്ടുണ്ട്. ജുറാസിക് പാർക്ക്‌ നടക്കുന്ന കോസ്റ്റ റിക്കൻ ദ്വീപിലോ, ആമസോൺ കാടുകളിലോ മാത്രം കാണുന്ന ഒരു പ്രതിഭാസമെന്നാണ് ഞാൻ അതിനെ ധരിച്ചിരുന്നത്.


അര നൂറ്റാണ്ട് മുമ്പ്പാണ് കോട്ടയത്തെ ഏറ്റവും വീതിയേറിയ റോഡ് (ശാസ്ത്രി റോഡ്) കെ കെ റോഡിനു സാമാന്തരമായി നിർമിച്ചത്. അന്ന് ഒരു മനുഷ്യസ്നേഹി സ്വന്തം പണം മുടക്കി, സ്വന്തം ജോലിക്കാരനുമായെത്തി ആ റോഡിന്റെ രണ്ടു വശവും തണൽ മരങ്ങൾ വച്ചു പിടിപ്പിച്ചത്. രണ്ടാളും മരിച്ചു പോയി. അവരുടെ സേവനത്തെ ശ്ലാഘിച്ചു മാധ്യമങ്ങൾ ധാരാളം എഴുതിയിട്ടുണ്ട്. അതിൽ നിന്ന് ഏതാനും പടുകൂറ്റൻ മരങ്ങൾ വികസനത്തിന്റെ പേരിൽ ഏതാനും വർഷങ്ങൾ മുൻപ് വെട്ടിക്കളഞ്ഞത് പ്രകൃതിസ്നേഹികളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.




അതിൽ ഒരു മരം നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലാത്തതാണ്. ഒരു വ്യാഴവട്ടം മുൻപ് അതിന്റെ ചുവട്ടിൽ കൂടി നടന്നു പോയ ഞാൻ യാദൃശ്ചികമായി അത് കാർണിവോറസ് ആണെന്ന് കണ്ടു. അതിന്റെ പൂവിൽ തേൻ കുടിക്കാനെത്തുന്ന പ്രാണികളെ പൂവിന്റെ മൂടി പോലിരിക്കുന്ന ഭാഗം നൊടിയിടയിൽ അടഞ്ഞു കെണിയിലാക്കുന്ന വിദ്യ ഞാൻ കണ്ടു.


ഇന്ന് എന്റെ കൊച്ചുമകനേയും രണ്ടു കൂട്ടുകാരെയും അത്ഭുതവൃക്ഷം കാണിക്കാൻ കൊണ്ടുപോയി. അര മണിക്കൂർ കാത്തിരുന്നിട്ടും അത്ഭുതം കണ്ടില്ല. ഒരു മിശിറിനെ (നീറ്) കൈകൊണ്ട് പിടിച്ചിട്ടിട്ട് പൂവ് പ്രതികരിച്ചില്ല.


പടത്തിൽ കാണുന്നതാണ് മരത്തിന്റെ പൂവ്. തായ്‌തടിയിൽ നിന്നാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. വേരുപോലെ അരമീറ്റർ ഒരു തണ്ടുണ്ടായി അതിന്റെ അറ്റത്താണ് പൂങ്കുല. ഒരു കുലയിൽ വിടർന്ന പൂവുംമൊട്ടുകളും കൂടി ഒരു ഡെസൻ കാണും. ശിഖരങ്ങളിൽ ഇല മാത്രമേയുള്ളു. ഇടയ്ക്ക് കായ് കാണും. ഒരു പന്ത് പോലെ ഉരുണ്ട്, ഒരു നാളികേരത്തിന്റെ ഇരട്ടി വലുപ്പത്തിൽ കിടക്കും.



ശാസ്ത്രി റോഡിലെ പടിഞ്ഞാറുനിന്നുള്ള ഇറക്കം കഴിഞ്ഞ്, പെട്രോൾ ബങ്കും കഴിഞ്ഞ് നേരത്തെ പോപ്പുലർ ഓട്ടോമൊബൈൽസ് കിടന്ന കെട്ടിടത്തിന്റെ പടിഞ്ഞാറെ അറ്റത്തു റോഡിന്റെ തേക്കുവശത്താണ് മരം നിൽക്കുന്നത്. താല്പര്യമുള്ളവർക്ക് വികസനമോഹികളുടെ മഴു വീഴുന്നതിന് മുൻപ് പോയാൽ കാണാം. ഒരു പക്ഷെ, ബോട്ടാണിസ്റ്റുകൾ നേരത്തെ കണ്ട് ഇതിനെപ്പറ്റി പഠിച്ചിട്ടുണ്ടാകാം. ഇതിന്റെ ശാസ്ത്രീയ നാമത്തെപ്പറ്റിയും ഞാൻ അജ്ഞാനണ്.

 ഏതെങ്കിലും ശാസ്ത്രകുതുകികൾക്കു പ്രയോജനമാകുന്നെങ്കിൽ ആകട്ടെ എന്ന് പ്രതീക്ഷിച്ചാണ് ഫോട്ടോയും പോസ്റ്റും ഇടുന്നത്.

Post a Comment

0 Comments